അടിമാലി: ഏത്തവാഴ കർഷകരെ ദുരിതത്തിലാക്കി ഇലകരിയൽ രോഗം വ്യാപകമാകുന്നു. വാഴ കുലക്കുന്നതോടെ ഇലകൾ കരിഞ്ഞുണങ്ങുന്നു. ഇതിനാൽ കായ മൂപ്പെത്തും മുമ്പേ വാഴകൾ നശിക്കുകയാണ്.
വൻതുക മുടക്കി കൃഷി ചെയ്ത ഹൈറേഞ്ചിലെ കർഷകർ ഇതോടെ ദുരിതത്തിലായി. ഫംഗസ് വാഴയുടെ ഏറ്റവും അടിഭാഗത്തെ ഇലകളിലാണ് തുടക്കത്തിൽ കാണപ്പെടുന്നത്. ആരംഭത്തിൽ മങ്ങിയ മഞ്ഞ നിറത്തിലോ ചാര, കറുപ്പ് നിറത്തിലോ കാണപ്പെടുന്ന കുത്തുകൾ മഞ്ഞ നിറത്താൽ ചുറ്റപ്പെട്ട ചാരനിറത്താലാണ് ഇലകളിൽ പടരുന്നതെന്ന് കർഷകർ പറയുന്നു.
ഇത്തരത്തിലുള്ള നിരവധി കുത്തുകൾ ഒരുമിച്ച് ചേർന്നതിനാലാണ് ഇലകൾ കരിഞ്ഞതായി കാണപ്പെടാൻ കാരണം. രോഗം കൂടുതലാകുന്നതോടെ ഇലകൾ തണ്ടൊടിഞ്ഞ് വാഴ പൂർണമായി നശിക്കുകയും ചെയ്യുന്നു. കുലച്ച വാഴകളിലാണ് കൂടുതലായും ഈ കീടബാധ കാണുന്നത്. ലോണെടുത്തും പലിശക്ക് പണം കടം വാങ്ങിയും പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത കർഷകർ ഇതോടെ കടക്കെണിയുടെ വക്കിലാണ്. ജില്ലയിൽ കൂടുതൽ വാഴ കൃഷിയുള്ളത് കൊന്നത്തടി, രാജാക്കാട്, മാങ്കുളം, രാജകുമാരി, വാത്തിക്കുടി പഞ്ചായത്തുകളിലാണ്.