കണ്ണൂർ: തെരുവുമായ ആക്രമണങ്ങൾക്കെതിരായ കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത്.
പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേല്‍ക്കുന്നുവെന്നും, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 465 കുട്ടികള്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തെരുവുനായ പ്രശ്നം സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കവെയാണ് കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം.
കണ്ണൂര്‍ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയില്‍ 23,666 തെരുവുനായകൾ ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 48,055 വളര്‍ത്തു നായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികള്‍ക്കാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറെ ഉദ്ധരിച്ച് സത്യവാങ്മൂലത്തിൽ പറയുന്നു.
തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരൻ നിഹാലിന്റെ ജീവന്‍ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന നിർദേശവും ജില്ലാ പഞ്ചായത്ത് മുന്നോട്ടുവെച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപന മേധാവി, ആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സമിതി രൂപവത്കരിക്കണമെന്ന നിര്‍ദേശമാണ് ജില്ലാപഞ്ചായത്ത് സത്യവാങ്മൂലത്തിൽ മുന്നോട്ടുവെക്കുന്നത്.