കൂത്തുപറമ്പ്: കണ്ണവം പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെ അഞ്ചുവർഷം മുമ്പ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തലയോട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തിയാണ് കണ്ണവം എടയാർ കോളനിയിലുള്ള മനോജാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. 2021ലാണ് കണ്ണവം ഫോറസ്റ്റിൽ നിന്നും തൂങ്ങി മരിച്ച നിലയിൽ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ 2018ൽ കാണാതായ മനോജാണെന്ന് സൂചന ലഭിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ സ്ഥിരീകരിച്ചിരുന്നില്ല.
തുടർന്ന് തലയോട്ടിയുടെയും മനോജിന്റെ സഹോദരന്റെയും ഡി.എൻ.എ പരിശോധനക്ക് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധന ഫലം ലഭിച്ചതോടെയാണ് മരണപ്പെട്ടത് മനോജാണെന്ന് സ്ഥിരീകരിച്ചത്. കണ്ണവം എസ്.ഐ ടി.എം. വിപിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹാഷിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.