കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയാകുന്നതിനേചൊല്ലി കെ സുധാകരന്‍ ക്യാമ്പില്‍ ആശയക്കുഴപ്പം. ലോക്സഭയില്‍ നിന്നും മാറിനിന്ന് നിയമസഭയിലേയ്ക്ക് മല്‍സരിക്കാനാണ് കെ സുധാകരന്‍റെ താല്‍പര്യം.
എന്നാല്‍ സുധാകരന്‍ മല്‍സരിച്ചില്ലെങ്കില്‍ കണ്ണൂര്‍ സീറ്റ് നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നാണ് എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വ്വെ റിപ്പോര്‍ട്ട്. അതിനാല്‍ സുധാകരനോട് വീണ്ടും മല്‍സരിക്കേണ്ടി വരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഹൈക്കമാന്‍റ്.
അതേസമയം സണ്ണി ജോസഫ് എംഎല്‍എയെ കണ്ണൂരില്‍ നിന്നും ലോക്സഭയിലേയ്ക്ക് മല്‍സരിപ്പിച്ച് പകരം ഉപതെരഞ്ഞെടുപ്പിലൂടെ സണ്ണിയുടെ മണ്ഡലമായ പേരാവൂരില്‍ നിന്നും നിയമസഭയിലെത്തുകയെന്ന ബദല്‍ പായ്ക്കേജും സുധാകരന്‍ പക്ഷത്ത് ഒരങ്ങുന്നുണ്ട്.
മുന്‍കൂട്ടി നിയമസഭയിലെത്തിയാല്‍ അടുത്ത തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭുരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുവരികയെന്നതാണ് സുധാകരന്‍രെ തന്ത്രം. പക്ഷേ സുധാകരനല്ലാതെ വിജയം ഉറപ്പുള്ള നേതാക്കള്‍ കണ്ണൂരിലേയ്ക്ക് പരിഗണിക്കാനില്ലെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
ഇടതുപക്ഷം മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നെന്ന അഭ്യൂഹം ശക്തമാണ്. ശൈലജയ്ക്കെതിരെ സണ്ണി ജോസഫ് മതിയാകില്ലെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. സണ്ണിയല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയാണ് സുധാകരന്‍റെ പരിഗണനയിലുള്ളത്.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പരിഗണനയില്‍ വരുന്ന നിര്‍ണായക റിപ്പോര്‍ട്ട് ഉപതെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലുവിന്‍റേതാണ്. സുനിലിന്‍റെ ടീമാണ് കേരളത്തില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് സര്‍വ്വെ നടത്തിക്കൊണ്ടിരിക്കുന്നത്. സുനിലിന്‍റെ റിപ്പോര്‍ട്ടിന്‍റെകൂടി അടിസ്ഥാനത്തിലാകും സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തുന്നത്.
അതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കവെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കെ സുധാകരന് പരിമിതികളുണ്ടെന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലുണ്ട്. കുറെ കാലങ്ങളായി അസമയത്തും അനവസരത്തിലുമായി സുധാകരന്‍ നടത്തുന്ന പ്രസ്താവനകള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണിതെന്നറിയുന്നതിനാലാണ് നേതാക്കള്‍ ഇതിനോട് പ്രതികരിക്കാന്‍ മടിക്കുന്നത്. എന്നാല്‍ പ്രതിസന്ധി കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ സുധാകരന്‍റെ നേതൃത്വം മതിയാകില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസില്‍ ശക്തമാണ്.