കണ്ണൂർ: ജീവിതശൈലി മാറ്റത്തിലൂടെ ഹൃദ്രോഗത്തെ പ്രതിരോധിക്കണമെന്ന് ഐഡിആർഎൽ കണ്ണൂരിൽ സംഘടിപ്പിച്ച ഗുഡ് ഹാർട്ട് ചലഞ്ച് പ്രോഗ്രാം അഭിപ്രായപ്പെട്ടു. സന്തുലിത ഭക്ഷണക്രമം, കൃത്യമായ വ്യായാമം, ശാന്തമായ ഉറക്കം, മാനസിക സംഘർഷങ്ങൾ ഒഴിവാക്കുക എന്നിവയിലൂടെ ഹൃദ്രോഗത്തെ ഒരളവോളം പ്രതിരോധിക്കാനാവും.
ഹൃദ്രോഗ സാധ്യതകളെ മുൻകൂട്ടി കണ്ടെത്താനുള്ള വിവിധ രോഗനിർണയ സംവിധാനങ്ങൾ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ലഭ്യമാണ്. നാൽപ്പതു വയസ്സുകഴിഞ്ഞ മുഴുവനാളുകളും വർഷത്തിലൊരിക്കലെങ്കിലും ഹൃദ്രോഗ പരിശോധനകൾ ചെയ്യുന്നത് രോഗ സാധ്യതകളെ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കും. ഓരോരുത്തരും ഹൃദ്രോഗ പരിശോധനകൾക്ക് സ്വയം വിധേയമായി രോഗമില്ലെന്ന് ഉറപ്പാക്കുന്ന ഗുഡ് ഹാർട്ട് ചലഞ്ച് വിദേശരാജ്യങ്ങളിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഐഡിആർഎൽ സംഘടിപ്പിച്ച ഗുഡ് ഹാർട്ട് ചാലഞ്ച് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗങ്ങളെ മുൻകൂട്ടി കണ്ടെത്താൻ ഉപകരിക്കുന്ന ട്രെഡ് മിൽ ടെസ്റ്റ് സ്വയം പ്രചോദിതനായി ചെയ്യുകയും തുടർന്ന് അടുത്തയാളെ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഗുഡ് ഹാർട്ട് ചാലഞ്ച്.
സ്വന്തം ഹൃദയ ആരോഗ്യം ടെസ്റ്റിലൂടെ ബോധ്യപ്പെട്ടവറ്, ഗുഡ് ഹാർട്ട് ചലഞ്ച് അടുത്തയാൾക്ക് കൈമാറുന്ന രീതിയാണിത്. ഡെപ്യൂട്ടി മേയർ തുടങ്ങിവച്ച ഹാർട്ട് ചലഞ്ച് ഡോ. നിത്യ നമ്പ്യാർ ഏറ്റെടുക്കുകയും അടുത്തയാൾക്ക് കൈമാറുകയും ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി 800 ഓളം പേർ ഗുഡ് ഹാർട്ട് ചാലഞ്ചിലൂടെ ഹൃദ്രോഗ നിർണയത്തിന് വിധേയരായി. ഐഡിആർഎൽ ചെയർമാൻ ഡോ സുൽഫിക്കർ അലി അധ്യക്ഷനായിരുന്നു. കുവൈത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന കെകെഎംഎയുടെ സഹകരണത്തോടെയാണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. ഡോ കെ ഹാരിസ്, കെകെഎംഎ വൈസ് പ്രസിഡണ്ട് എ.വി മുസ്തഫ, വി.വി മോഹനൻ, ഗീത കെ.ബി, സാറ കിഷോർ എന്നിവര്‍ പങ്കെടുത്തു.