Advertisment

നവകേരള സദസിന് അരലക്ഷം നല്‍കാനുള്ള തീരുമാനം തിരുത്തി കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരസഭ; യുഡിഎഫ് ഭരിക്കുന്ന നഗരസഭ തുക അനുവദിക്കാന്‍ തീരുമാനിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി

New Update
sreekandapurma municipality

കണ്ണൂര്‍: നവകേരള സദസ്സിന് അരലക്ഷം നൽകാനുള്ള തീരുമാനം തിരുത്തി യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം നഗരസഭ. പ്രത്യക കൗൺസിൽ ചേർന്ന് തീരുമാനം പിൻവലിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭ തുക അനുവദിക്കാൻ തീരുമാനിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. 

Advertisment

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നവകേരള സദസിന് അരലക്ഷം രൂപ കൗൺസിൽ അനുവദിച്ചത്. 18 യുഡിഎഫ് അംഗങ്ങളിൽ 17 പേരും തീരുമാനത്തെ പിന്തുണച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭ പിരിവ് നൽകുന്നത് ചര്‍ച്ചയായതോടെ പിരിവ് നൽകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. അത് അനുസരിച്ചാണ് പ്രത്യേക കൗൺസിൽ യോഗം വിളിച്ചതും തീരുമാനം തിരുത്തിയതും. 

പ്രത്യേക കൗൺസിൽ യോഗത്തിൽ ഇടതുപക്ഷത്തിന്റെ ഒരംഗം പോലും പങ്കെടുത്തില്ല. യുഡിഎഫ് ഭരിക്കുന്ന നഗരസഭകളോ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നവകേരള സദസ്സിന് ഒരു തുകയും നൽകേണ്ടതില്ലന്ന് നേരത്തെ മുന്നണി തീരുമാനിച്ചിരുന്നു. ഇത് മറികടന്നായിരുന്നു നഗരസഭയുടെ തീരുമാനം. 

ഇതോടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ളവർ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തു. എന്നാൽ, തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യുഡിഎഫ് സർക്കുലർ വൈകിയാണ് ലഭിച്ചതെന്നും ഇതു സംബന്ധിച്ചുള്ള മുന്നണി തീരുമാനം നടപ്പാക്കുമെന്നും ചെയർപേഴ്സൺ ഡോ. ഫിലോമിന പറഞ്ഞു. 

തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന് പണം നൽകണമെന്നാവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. 

സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് ഈ സ‍ർക്കാ‍ർ തീരുമാനം.

Advertisment