കണ്ണൂർ: ആരോഗ്യ വകുപ്പിനെതിരെയുള്ള പരാതിയിലെടുത്ത കേസിന്റെ ഉള്ളുകള്ളി പുറത്തു വന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
സർക്കാരിനെതിരെയും ആരോഗ്യ മന്ത്രിക്കെതിരെയും നടന്ന ഗൂഢാലോചന പുറത്തു വന്നു. ധ്രുതഗതിയിൽ അന്വേഷണം നടക്കണം. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ എല്ലാം പുറത്തു കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ആയുഷ് മിഷന്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസന്‍ മൊഴിമാറ്റിയെന്ന് പൊലീസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമനത്തട്ടിപ്പ് ആരോപണത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചിരുന്നു. തന്റെ ബന്ധുവായ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതല്ലേയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാമെന്നും വീണ ജോര്‍ജ് പറഞ്ഞു.
ഹരിദാസന്‍ മൊഴി മാറ്റിയ വിവരം കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. ഹരിദാസന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
നിയമന കോഴക്കേസില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് നേരത്തേ പൊലീസ് സ്ഥിരീകരിച്ചിരുന്നതാണ്. പരാതിക്കാരനായ ഹരിദാസന്‍ അഖില്‍ സജീവനും ലെനിനും പണം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.