/sathyam/media/media_files/pRLp9T2L5qEOvFnSGFw4.jpg)
കൊല്ലം: ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ വന്ന് താമസിക്കുന്ന മകൾ പിണക്കങ്ങൾ പറഞ്ഞുതീർത്ത് ഭർത്താവിനൊപ്പം വീണ്ടും തിരിച്ചു പോയതിൽ പ്രതിഷേധിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു.
ഭാര്യയെ വീട്ടിൽ നിന്നും ഇറക്കി വിട്ട ശേഷം വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കുകയായിരുന്നു. മകൾ ഭർത്താവിനൊപ്പം തിരിച്ചു പോയതിൽ വിഷമിച്ചാണ് പിതാവ് ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊല്ലം ജില്ലയിലെ കുട്ടിക്കാട് സ്വദേശി അശോകനാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അശോകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അശോകൻ്റെ ഒരേയൊരു മകൾ വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ച വ്യക്തിക്കൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് അവർ വിവാഹം കഴിക്കുകയും കുടുംബജീവിതം ആരംഭിക്കുകയും ചെയ്തു.
എന്നാൽ കലാന്തരത്തിൽ അവർക്കിടയിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉടലെടുത്തു. കഴിഞ്ഞവർഷം ദാമ്പത്യ പ്രശ്നങ്ങൾ രൂക്ഷമായതോടെ ഭർത്താവുമായി പിണങ്ങി മകൾ ഭർതൃ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. നേരത്തെ യുവാവിനൊപ്പം മകൾ ഇറങ്ങിപ്പോയത് അശോകൻ അംഗീകരിച്ചിരുന്നില്ല. എന്നാൽ മകൾ തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇരുകൈനിട്ടി സ്വീകരിക്കുകയായിരുന്നു.
ഭർത്താവുമായി ഇനി ബന്ധം വേണ്ടെന്നും ഉടൻതന്നെ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യണമെന്നും അശോകൻ മകളോട് പറഞ്ഞിരുന്നതായാണ് വിവരം. എന്നാൽ അശോകൻ്റെ നേർ വിപരീത ചിന്താഗതിക്കാരിയായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ.
മകളും ഭർത്താവും വീണ്ടും ഒന്നിക്കണമെന്നും കുടുംബജീവിതം തുടർന്നുകൊണ്ട് പോകണമെന്നുമാണ് അവർ ആഗ്രഹിച്ചത്. ഇതുമായി ബന്ധപ്പെട്ട് അശോകനും ഭാര്യയും തമ്മിൽ ഇടയ്ക്കിടെ വീട്ടിൽ വഴക്കും ഉണ്ടാകാറുണ്ടായിരുന്നു എന്നും വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇനി ഒരു കാരണവശാലും മകളെ ഭർത്താവിൻ്റെ കൂടെ അയക്കില്ല എന്ന പിടിവാശിയിലായിരുന്നു അശോകൻ.
ഈ സമയം ഭാര്യ പിണങ്ങിപ്പോയത് സംബന്ധിച്ച് അശോകൻ്റെ മകളുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഇരുവരെയും ഒത്തുതീർപ്പിനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. സ്റ്റേഷനിൽ വച്ച് ഇരുവരും തുറന്നു സംസാരിച്ച് പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു.
തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്ന് മകൾ ഭർത്താവിനൊപ്പം തിരിച്ചു പോയി. ഇതിനുശേഷം അശോകൻ കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056