ചെയര്‍മാനെ മാറ്റിയ കാര്യം മുഖ്യമന്ത്രിയോ എല്‍ഡിഎഫ് കണ്‍വീനറോ അറിഞ്ഞിരുന്നില്ല, ഞാന്‍ പറയുമ്പോഴാണ് അവര്‍ അറിയുന്നത്: മുഖ്യമന്ത്രി കാര്യം അറിഞ്ഞപ്പോള്‍ത്തന്നെ തീരുമാനം മരവിപ്പിച്ചുവെന്ന് ഗണേഷ് കുമാര്‍

New Update
ganesh

പത്തനാപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് (ബി)യില്‍നിന്ന് തിരിച്ചെടുത്ത സിപിഎം തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചതില്‍ പ്രതികരണവുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. 

Advertisment

ചെയര്‍മാനെ മാറ്റിയ കാര്യം മുഖ്യമന്ത്രിയോ എല്‍ഡിഎഫ് കണ്‍വീനറോ അറിഞ്ഞിരുന്നില്ലെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയും. മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞപ്പോള്‍ത്തന്നെ തീരുമാനം മരവിപ്പിച്ചുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ ജയിക്കുമെന്ന്, ഒരു ചോദ്യത്തിന് ഉത്തരമായി ഗണേഷ് കുമാര്‍ പറഞ്ഞു. യുഡിഎഫുകാരെല്ലാം ബസ് കണക്കിനാണ് വന്നിറങ്ങിയത്. പുതുപ്പള്ളിക്കാര്‍ ആകെ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. എവിടുന്നൊക്കെയോ ആളു വന്നു കതകിനു മുട്ടി വോട്ടു ചോദിക്കുകയാണ്. 

നമ്മള് ആവശ്യത്തിനു മാത്രം അവിടെ പോയാല്‍ പോരേ? പ്രചാരണത്തിനു പോയിരുന്നു. ഞാനും കൂടി ചെന്ന് എപ്പോഴും കതകിനു മുട്ടി ശല്യം ചെയ്യേണ്ടതില്ലല്ലോ എന്നു കരുതിയാണ് അവിടേക്കു കൂടുതല്‍ പോകാതിരുന്നതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

''ചെയര്‍മാനെ മാറ്റിയ ഉത്തരവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ട് പറയട്ടെ. കോര്‍പറേഷന്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചിരുന്നു. അതല്ലാതെ ചെയര്‍മാനെ മാറ്റിയിട്ടില്ല. അത് എഴുതിയവരുടെ പ്രശ്‌നമാണെന്നു തോന്നുന്നു. 

മുഖ്യമന്ത്രിയോ എല്‍ഡിഎഫ് കണ്‍വീനറോ ഇക്കാര്യം അറിഞ്ഞിട്ടില്ല. ഞാന്‍ പറയുമ്പോഴാണ് അവര്‍ അറിയുന്നത്. അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ഉത്തരവ് മരവിപ്പിക്കുകയും, പ്രേംജിത്ത് തന്നെ ചെയര്‍മാനായി തുടരുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നു തോന്നുന്നില്ല.'

മുന്നണിയിലെ ധാരണയനുസരിച്ച് രണ്ടര വര്‍ഷത്തിനുശേഷം ലഭിക്കേണ്ട മന്ത്രിസ്ഥാനത്തേക്കുറിച്ചും ഗണേഷ് കുമാര്‍ പ്രതികരിച്ചു. ''മന്ത്രിസ്ഥാനത്തിന്റെ കാര്യം പറയാന്‍ രണ്ടര വര്‍ഷമായിട്ടില്ലല്ലോ. അതുകൊണ്ട് താല്‍ക്കാലിക ചോദ്യങ്ങള്‍ക്ക് തല്‍ക്കാലം ഉത്തരമില്ല. എന്തായാലും അക്കാര്യമൊക്കെ എല്‍ഡിഎഫ് കൃത്യസമയത്ത് തീരുമാനിക്കും. എന്നോട് ആര്‍ക്കും താല്‍പര്യക്കുറവൊന്നുമില്ല. എനിക്കും ആരോടും താല്‍പര്യക്കുറവില്ല. 

പാവപ്പെട്ട ഞാന്‍ ഒരു സൈഡിലൂടെ ഇങ്ങനെ പോകുവല്ലേ. ജാതിയും മതവും രാഷ്ട്രീയവുമൊന്നും ഇവിടെ വിഷയമല്ല. ഞാന്‍ പുതുപ്പള്ളിയില്‍ പോയപ്പോള്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നില്‍ എന്നെ തടഞ്ഞുനിര്‍ത്തി ആളുകള്‍ സ്‌നേഹം പങ്കുവച്ചത് അദ്ഭുതപ്പെടുത്തി. ഇത്തരമൊരു സാഹചര്യമാണ് ഞാന്‍ രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ആഗ്രഹിച്ചത്. അതു ലഭിക്കുന്നതില്‍ സന്തോഷം.'

മന്ത്രിമാര്‍ക്കും വിവിധ വകുപ്പുകള്‍ക്കുമെതിരെ ഭരണകക്ഷിയില്‍നിന്ന് വിമര്‍ശനം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഗണേഷ് കുമാര്‍ തള്ളിക്കളഞ്ഞു. ''ഞാന്‍ ഉന്നയിക്കുന്നത് വിമര്‍ശനമല്ല. നിങ്ങള്‍ തെറ്റിദ്ധരിക്കുകയാണ്. സത്യമല്ലേ ഞാന്‍ പറയുന്നത്? അല്ലാതെ ആരെയെങ്കിലും വിമര്‍ശിക്കുകയാണോ? 

ആരോഗ്യമന്ത്രിയെ കുറ്റം പറഞ്ഞോ? മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞോ? വെറുതെ തെറ്റിദ്ധരിപ്പിക്കരുത്. സര്‍ക്കാരിനെയൊന്നും ഞാന്‍ കുറ്റം പറഞ്ഞില്ല. ഒരു സ്ത്രീയുടെ വയറ്റില്‍ കത്തി ഇരിക്കുന്നു എന്നു പറഞ്ഞാല്‍ കുറ്റമാണോ? ഞാന്‍ സര്‍ക്കാരിന്റെ സഹായം തേടാതെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി അതു ചെയ്തുകൊടുത്തില്ലേ? അല്ലാതെ ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ.'

'ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അതിനെ വിമര്‍ശനമായി കാണേണ്ടതില്ല. നിയമസഭയ്ക്കുള്ളില്‍ കാര്യങ്ങള്‍ പറയാന്‍ എംഎല്‍എയ്ക്ക് അവകാശമുണ്ട്. അതിനെ വിമര്‍ശനമായി കാണേണ്ട. കാര്യങ്ങള്‍ പറയാനാണ് പത്തനാപുരത്തെ ആളുകള്‍ എന്നെ വോട്ടു ചെയ്തു ജയിപ്പിച്ചത്. രാവിലെ പോയി നിശബ്ദനായിരുന്ന് എനിക്കു കിട്ടേണ്ട അലവന്‍സും വാങ്ങി വരാന്‍ വേണ്ടിയല്ലല്ലോ അവര്‍ എന്നെ തിരഞ്ഞെടുത്തത്.'

''ഞാന്‍ ഒരു കക്ഷിയുടെ നേതാവാണ്. നിയമസഭയില്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവകാശം എനിക്കുണ്ട്. എല്ലാ എംഎല്‍എമാര്‍ക്കും ആ അവകാശമുണ്ട്. അതില്‍ ഭരണപക്ഷ, പ്രതിപക്ഷ വ്യത്യാസമില്ല. ഞാന്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യം സത്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഞാന്‍ കള്ളമൊന്നും പറഞ്ഞില്ലല്ലോ.'  ഗണേഷ് കുമാര്‍ പറഞ്ഞു.

Advertisment