/sathyam/media/post_banners/uI6adlMP1HaO03bQGSwl.jpg)
കൊല്ലം: സനാതന ധര്‍മത്തിനെതിരെ പ്രസ്താവന നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ.
ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിഡ്ഢിത്തരമാണെന്നും എല്ലാ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞദിവസം പത്തനാപരുത്ത് ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന.
'മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മള്‍ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ഒഴിവാക്കണം. തമിഴ്‌നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഒരുതരത്തിലും യോജിക്കാന്‍ സാധിക്കില്ല. അത്തരം വിഡ്ഢിത്തരങ്ങള്‍ കഴിയുന്നതും മന്ത്രിമാര്‍, ജനപ്രതിനിധികള്‍ പറയാതിരിക്കുന്നതാണ് നല്ലത്. അതു നമ്മുടെ ഒരു വിഷയമല്ല.
അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അറിയായിരിക്കും, രാഷ്ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍നിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല.. അപ്പോള്‍ അങ്ങനെയുള്ള അനാവശ്യ പരമാര്‍ശങ്ങള്‍ ഒഴിവാക്കുക. അപ്പോള്‍ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല.'' ഗണേഷ് കുമാര്‍ പറഞ്ഞു.
''ആരേലും വിളിച്ചാല്‍ അവരെ സുഖിപ്പിക്കാന്‍ എന്തേലും പറയുകയാണ്. ഞാന്‍ ഇവിടെ ക്ഷേത്രത്തില്‍നിന്നുകൊണ്ടാണ് ഇതരെ മതങ്ങളെ മാനിക്കണമെന്നു പറയുന്നത്. മറ്റു മതസ്ഥരുടെ അടുത്ത ചെന്ന് ഇവിടുത്തെ കുറ്റം പറയുക, അങ്ങനെ ചെയ്യരുത്. എല്ലാ വിശ്വാസങ്ങള്‍ക്കും വളരെ മൂല്യമുണ്ട്, വലിയ വിലയുണ്ട്.
എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങള്‍ക്കു വലിയ വിലയുണ്ട്, വലിയ അദ്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെ നിരസിച്ച്, തരംതാഴ്ത്തി സംസാരിക്കരുത്.'' ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.