കൊല്ലം: സോളര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍. 'പ്രതിനായിക' എന്നു പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവര്‍ചിത്രം പുറത്തിറങ്ങി.
തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് ആത്മകഥയുടെ കവര്‍ചിത്രം സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായുള്ള 'റെസ്‌പോണ്‍സ് ബുക്കാ'ണ് പുസ്തകം പുറത്തിറക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ട സോളര്‍ വിവാദം ഇടവേളയ്ക്കു ശേഷം കേരള രാഷ്ട്രീയത്തില്‍ വലിയ തോതില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സരിതയുടെ ആത്മകഥ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് ആത്മകഥ പുറത്തിറക്കുന്ന വിവരം സരിത പരസ്യമാക്കിയത്.
'പ്രതി നായിക' എന്നോ 'പ്രതിനായിക'യെന്നോ വായിക്കാവുന്ന തരത്തിലുള്ളതാണ് ആത്മകഥയുടെ കവര്‍ ചിത്രം. 'ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാകും' എന്ന് സരിത കുറിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ കവര്‍ പങ്കുവച്ച് 'റെസ്‌പോണ്‍സ് ബുക്‌സും' ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അത് ഇങ്ങനെ:
സരിത പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടു പോയവയും റെസ്പോണ്‍സ് ബുക്സിലൂടെ നിങ്ങളിലേക്ക് ...
പ്രശസ്ത ഡിസൈനര്‍ രാജേഷ് ചാലോട് രൂപകല്‍പ്പന ചെയ്ത കവര്‍... പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്യുന്നു. എല്ലാവരുടെയും
സ്നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
പുസ്തകത്തെക്കുറിച്ച് ഫെയ്‌സ്ബുക് കുറിപ്പിലെ തുടര്‍ പരാമര്‍ശങ്ങള്‍ ഇങ്ങനെ:
അഴിമതി ആരോപണങ്ങള്‍ പുത്തരിയല്ലാത്ത നാടാണ് രാഷ്ട്രീയ കേരളം. എന്നാല്‍ അത്തരം ആരോപണത്തില്‍ ഒരു പെണ്‍ പേര് ചേര്‍ത്ത് വയ്ക്കുന്നതിന്റെ ഗുണദോഷങ്ങള്‍ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മള്‍.
രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പരസ്പരം പ്രയോഗിക്കാന്‍ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും.
ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത മാധ്യമ ശ്രദ്ധയും കുപ്രസിദ്ധിയും അപ്രതീക്ഷിതമായി കൈവന്ന അവര്‍ക്കും പറയാനുണ്ടാവും ഇതുവരെ പറയാന്‍ കഴിയാതെ പോയ പലതും.
ചാനല്‍ മുറികളില്‍ വരികള്‍ക്ക് ഇടയിലൂടെ വായിച്ച് പൊതുജന സമക്ഷം വിചാരണ ചെയ്യപ്പെട്ട പലതിന്റെയും യഥാര്‍ത്ഥ വസ്തുതകള്‍. അര്‍ധസത്യങ്ങളായിരുന്നിട്ടും നമ്മള്‍ കണ്ണടച്ചു വിശ്വസിച്ചു പൂരിപ്പിക്കാതെ വിട്ടു പോയവയുടെ പൊരുളുകള്‍.
സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് വാര്‍ത്തയായതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായര്‍ സ്വന്തം ജീവിത കഥ എഴുതുകയാണ്.
റെസ്‌പോണ്‍സ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'പ്രതിനായിക'യില്‍ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും അവര്‍ വെളിപ്പെടുത്തുന്നു.