കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ മുഴുവൻ ആധിപത്യം നേടിയപ്പോഴും പാലായിൽ നാണംകെട്ട് മൂന്നാം സ്ഥാനത്തായി വിമത എ ഗ്രൂപ്പ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വം നൽകിയ ഗ്രൂപ്പിലെ സ്ഥാനാർത്ഥികളെ തോൽപിച്ച് പാലാ നിയോജക മണ്ഡലത്തിൽ ഐ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനം നേടി.
ഐ ഗ്രൂപ്പിലെ ആൽബിൻ അലക്സാണ് പ്രസിഡന്റ്. ആൽബിന് 674 വോട്ട് ലഭിച്ചു. കെ സി ജോസഫ് നേതൃത്വം നൽകുന്ന എ ഗ്രൂപ്പിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം.
എ ഗ്രൂപ്പിലെ ടോണി ജോസഫ്466 വോട്ട് നേടിയാണ് രണ്ടാമത് എത്തിയത്. തിരുവഞ്ചൂർ ഗ്രൂപ്പ് നിർത്തിയ റോബി തോമസിന് 360 വോട്ടുകൾ മാത്രമാണ് നേടാനായത്.
ഇതോടെ ജില്ലയിൽ സമ്പൂർണ ആധിപത്യം നേടാനുള്ള തിരുവഞ്ചൂർ വിഭാഗത്തിന്റെ മോഹം പൊലിഞ്ഞു. അതേസമയം പാലായിൽ മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് ഐ വിഭാഗം.