ഇടമറ്റത്തെയും പരിസരത്തെയും മദ്യ - ലഹരി സംഘങ്ങൾക്കെതിരെ 'ഓപ്പറേഷൻ ഡ്രിങ്ക്സ് ' - സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പോലീസ് നടപടി ശക്തമാക്കി. മൂന്ന് ദിവസംകൊണ്ട് 6 തവണ പോലീസ് പട്രോളിങ്ങ്. 21 പേർ പിടിയിൽ. ക്രിമിനലുകളെക്കുറിച്ച് വിവരം കൈമാറാൻ പാലാ സിഐയുടെ ഹെൽപ്പ് ലൈൻ നമ്പരും !

നഗരങ്ങളിൽ നിന്നും മദ്യ - ലഹരി ഇടപാട് സംഘം പാലായുടെ ഉൾപ്രദേശങ്ങളിൽ സജീവമായിരിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി എ.ജെ തോമസിന്റെ നിർദ്ദേശപ്രകാരം സിഐ കെ.പി തോംസന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ഡ്രിങ്ക്സ് ' എന്ന പേരിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചാണ് നടപടി. 

New Update
police patroling

പാലാ: ഇടമറ്റത്തും പരിസരപ്രദേശങ്ങളിലും മദ്യ - ലഹരി മാഫിയകളുടെ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മേഖലയിൽ ശക്തമായ പോലീസ് നടപടി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോലീസ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് 21 പേരെ കസ്റ്റഡിയിലെടുത്തു. ഇടമറ്റത്തും പരിസര പ്രദേശംങ്ങളിലും പോലീസ് പരിശോധന കർശനമാക്കി.

Advertisment

നഗരങ്ങളിൽ നിന്നും മദ്യ - ലഹരി ഇടപാട് സംഘം പാലായുടെ ഉൾപ്രദേശങ്ങളിൽ സജീവമായിരിക്കുകയാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി എ.ജെ തോമസിന്റെ നിർദ്ദേശപ്രകാരം സിഐ കെ.പി തോംസന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ഡ്രിങ്ക്സ് ' എന്ന പേരിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചാണ് നടപടി. 

ഇടമറ്റത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാത്രിയും പകലുമായി 6 തവണയാണ് പോലീസ് പട്രോളിംഗ് നടന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ട നിരവധി പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. 

മേഖലയിൽ നടത്തിയ പോലീസ് നടപടിയിൽ മദ്യപിച്ച് ബഹളം വെച്ച 4 പേർ, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 2 പേർ, ഹാൻസ് വില്പന നടത്തിയ ഒരാൾ, ടൗണിൽ മദ്യപിച്ച് അടിപിടി കൂടിയ മോഷണക്കേസിലെ പ്രതി ഉൾപ്പെടെ 6 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 

മദ്യ - ലഹരി മാഫിയകളുടെ പ്രവർത്തനം സജീവമായ ഇടമറ്റത്ത് പൊൻമല - കോട്ടേമാപ്പിലക റോഡ്, ഇടമറ്റം ജംഗ്ഷൻ, മുകളേൽപീടിക, പൈക, വിളക്കുമാടം, ചെമ്പകശ്ശേരിപടി എന്നിവിടങ്ങളിലായിരുന്നു തുടർച്ചയായ പോലീസ് പെട്രോളിംങ്ങ് നടന്നത്. 

പൊന്മല - കോട്ടേമാപ്പിലക റോഡിൽ ഉൾപ്പെടെ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മഫ്തിയിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. 

ഈ റോഡിൽ രാത്രിയായാൽ ഓട്ടോറിക്ഷയിലും ബൈക്കിലുമായി മറ്റു പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തി മദ്യപാനവും ലഹരി കൈമാറ്റവും പതിവായിരുന്നു. 

വീതി കുറവായ ഈ റോഡിൽ ലഹരി സംഘം വാഹനങ്ങൾ നിർത്തിയിട്ടാൽ ഇതുവഴി വരുന്ന നാട്ടുകാരുടെ വാഹനങ്ങൾക്ക് കടന്നുപോകുക സാധ്യമല്ലായിരുന്നു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കാൻ ഇവർ തയ്യാറുമല്ല. 

കഴിഞ്ഞദിവസം രാത്രി 8 മണിക്ക് കുടുംബസമേതം കാറിൽ ഇതുവഴി വന്ന മാധ്യമപ്രവർത്തകന്റെ വാഹനം രാത്രിയിൽ പുറകോട്ട് എടുത്തു തിരിച്ചു പോകേണ്ടി വന്നിരുന്നു. ഇപ്രകാരം ഈ സംഘത്തെ ഭയന്ന് സ്വന്തം വീടിനു മുൻവശത്ത് കൂടിയുള്ള റോഡിലൂടെ പോലും നാട്ടുകാർ രാത്രിയിൽ യാത്ര ഒഴിവാക്കുകയായിരുന്നു. 

റോഡിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിടുന്നതും ഇവരുടെ പതിവാണ്. വൈകുന്നേരം ഈ വഴി ഒറ്റയ്ക്ക് ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ ബൈക്കിൽ എത്തിയ സംഘം ശല്യം ചെയ്യുന്നതുവരെയെത്തിയിരുന്നു ലഹരി സംഘത്തിൻറെ ഉപദ്രവം. 

നഗരങ്ങളിൽ പോലീസ് നടപടി ശക്തമായ സാഹചര്യത്തിലാണ് പോലീസിന്റെ ശ്രദ്ധ പതിയാത്ത ഉൾപ്രദേശങ്ങളിലേക്ക് മാഫിയകളുടെ പ്രവർത്തനം വ്യാപിപ്പിച്ചത്. പോലീസ് എത്തിയാൽ ഓടിയൊളിക്കുന്നതിനുള്ള വിജനമായ പ്രദേശങ്ങളാണ് ഇവരുടെ ആകർഷണം. 

ഇനി പ്രദേശത്ത് എവിടെയും മദ്യ - ലഹരി മാഫിയ സംഘം എന്ന് സംശയിക്കുന്നവരെയോ പൊതുസ്ഥലത്ത് മദ്യപിക്കുന്നവരെയോ കണ്ടാൽ നാട്ടുകാർക്ക് രഹസ്യമായി വിവരം കൈമാറുന്നതിന് ഹെൽപ്പ് ലൈൻ നമ്പരും ഓപ്പറേഷൻ ഡ്രിങ്ക്സിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. 

ഇത്തരം സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497987080 എന്ന നമ്പറിൽ വിവരം കൈമാറണമെന്ന് പാലാ സിഐ കെ.പി തോംസൺ അറിയിച്ചു.

Advertisment