കോട്ടയം: ദേശീയ സംസ്ഥാന തലത്തിലുള്ള നിരവധി കായിക താരങ്ങളിൽ താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വിജയകരമായി നടത്തി ചരിത്രമെഴുതിയ കാരിത്താസ് ആശുപത്രി സ്പോർട്സ് ഇഞ്ചുറി താക്കോൽദ്വാര ശസ്ത്രക്രിയ സെന്ററിൽ നടത്തിയ കണങ്കാൽ, തോൾ സന്ധികളുടെ അപൂർവ താക്കോൽ ദ്വാര ശസ്ത്രക്രിയകൾ വിജയമായി.
കണങ്കാൽ സന്ധിയിലെ ടാലസ് എന്ന അസ്ഥിയുടെ കർട്ടിലേജിന് ഏറ്റ പരിക്കുമായി കാരിത്താസിൽ എത്തിയ പാമ്പാടി സ്വദേശിയായ 26 വയസ്സുള്ള യുവാവിന് ഒട്ടോകാർട്ട് മിൻസ്ഡ് കാർട്ടിലേജ് ഇമ്പ്ലാന്റെഷൻ എന്ന അതിനൂതന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ സൗഖ്യം ലഭിച്ചു. ഫുട്ബോൾ കളിക്കുന്നതിനിടെ ആണ് യുവാവിന്റെ കണങ്കാലിലെ ലിഗുമെന്റിനും കാർട്ടിലേജിനും പരിക്കേറ്റത്. കേരളത്തിൽ ഈ തരത്തിലുള്ള ആദ്യ താക്കോൽദ്വാര ശസ്ത്രക്രിയയാണ് കാരിത്താസിൽ നടന്നത്.
മധ്യകേരളത്തിലെ ആദ്യ ആർത്രോസ്കോപിക് ലത്താർജെ എന്ന അത്യപൂർവ ശസ്ത്രക്രിയയ്ക്കും കാരിത്താസ് സാക്ഷ്യം വഹിച്ചു. തോൾ സന്ധിയുടെ തെന്നിമാറൽ കാരണം പ്രധാനപ്പെട്ട അസ്ഥി ഉരഞ്ഞ് തേഞ്ഞു പോകുകയും ലിഗമെന്റുകൾക്ക് പരിക്ക് പറ്റുകയും ചെയ്ത അവസ്ഥയിൽ ആണ് 52 കാരിയായ അധ്യാപിക കാരിത്താസിൽ എത്തിയത്.
തോൾ സന്ധിയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയകളിൽ ഏറ്റവും സങ്കീർണവും അപൂർവവുമായി കണക്കാക്കപ്പെടുന്ന ആർത്രോസ്‌കോപിക് ലത്താർജെ എന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. ഇന്ത്യയിൽ തന്നെ അത്യപൂർവമായി മാത്രമാണ് ഇത്തരം ശസ്ത്രക്രിയ മുൻപ് നടന്നിട്ടുള്ളത്.
കാരിത്താസ് സ്പോർട്സ് ഇഞ്ചുറി ആൻഡ് അർത്രോസ്കോപി വിഭാഗം ചീഫ് കൺസൽട്ടന്റ് ഡോ. ആനന്ദ് കുമരോത്തിന്റെ നേതൃത്വത്തിലാണ് ഇരു ശസ്ത്രക്രിയകളും നടന്നത്. ശസ്ത്രക്രിയയിൽ പങ്കാളികളായ ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്, വീഡിയോ തെറാപ്പിസ്റ്റുകൾ എന്നിവരെ കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ ഡോ ബിനു കുന്നത്ത് അഭിനന്ദിച്ചു.