Advertisment

പാലാ കളരിയാംമാക്കൽ പാലം കടക്കണമെങ്കിൽ കടമ്പകൾ ഏറെ

kalariyamakal bridge

പാലാ: മീനച്ചിലാറിന് കുറുകെ കളരിയാം മാക്കൽ ഭാഗത്ത് പാലം നിർമ്മിക്കുമ്പോൾ അത് ഒരു റോഡിൻ്റെയും ഭാഗമായിട്ടായിരുന്നില്ല. ഭാവി നഗരവികസനം ലക്ഷ്യം കണ്ട് ജലസേചന വകുപ്പിൻ്റെ ഭരണാനുമതിയിൽ ചെക് ഡാമിനൊപ്പം പാലം കൂടി വിഭാവനം ചെയ്യുകയായിരുന്നു.

Advertisment

ഭരണങ്ങാനം ഭാഗത്ത് ഒരു കി.മീ. ചുറ്റളവിൽ മീനച്ചിലാറിന് കുറുകെ വട്ടോളി കടവിലും, വിലങ്ങുപാറയിലും, തറപ്പേക്കടവിലുമായി മൂന്ന് പി.ഡബ്ല്യു.ഡി പാലങ്ങൾ ഉണ്ടായതോടെ സമീപ പ്രദേശത്ത് മറ്റൊരു പി.ഡബ്ല്യു.ഡി വക പാലത്തിനു കൂടി അനുമതി നൽകുക എന്നത് പ്രയാസമായത് കണക്കിലെടുത്താണ് അന്നത്തെ ധനകാര്യ മന്ത്രി കെ.എം.മാണി ജലസേചന വകുപ്പു വഴി കളരിയാംമാക്കൽ പാലത്തിന് ഭരണാനുമതി നൽകിയത്‌.

ഇതോടൊപ്പം നാക്ക് പാക് സർവ്വേ വഴി പാലാ ടൗൺ റിംഗ് റോഡ് രണ്ടാം ഘട്ടം ഈ പാലം വഴി നിർമ്മിക്കുന്നതിനുള്ള രൂപരേഖ അംഗീകരിക്കുകയും ഒന്നാം ഘട്ടറിംഗ് റോഡ് ഭാഗം പൂർത്തിയാക്കുകയും ചെയ്തു. റിംഗ് റോഡിനായി അനുവദിച്ച തുകയിൽ ബാക്കി നിൽക്കുന്ന തുക വിനിയോഗിച്ച് കളരിയാംമാക്കൽ പാലത്തിൻ്റെ മറുകരയിൽ 250 മീറ്ററോളം ഭാഗത്ത് സമീപന റോഡ് നിർമ്മിക്കുവാൻ സർക്കാർ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകിയിരുന്നു.

ഈ ഭാഗത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പിന് റിക്വസിഷനും നൽകി. വിജ്ജാപനവും ഇറക്കി. എന്നാൽ സർവ്വേക്കായുള്ള കണ്ടിജൻസി ഫണ്ട് അടുത്ത കാലത്താണ് പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയത്. ഇനി പി.ഡബ്ല്യു.ഡി കല്ലിട്ട് തിരിച്ച ഭാഗത്ത് റവന്യൂ വിഭാഗം സർവ്വേ നടത്തി ഭൂഉടമകളുടെ ഉടമസ്ഥാവകാശവും നഷ്ടപരിഹാര തുകയും തിട്ടപ്പെടുത്തി പാരിസ്ഥിതി ആഘാത പഠനവും നടത്തി റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറി നഷ്ടപരിഹാര തുക റവന്യൂ വകുപ്പിന് കൈമാറിയെങ്കിലേ ഭൂമി ഏറ്റെടുക്കൽ നടപ്പാകൂ.

kalariyamakal bridge-

ഇതിനിടയിൻ പാലാ ബൈപാസിൽ ഉണ്ടാക്കിയതുപോലെ നഷ്ടപരിഹാര തുകയ്ക്കായി കേസുകൾ സൃഷ്ടിച്ചാൽ നടപടി അനിശ്ചിതമായി നീളും. ഭൂമി ഏറ്റെടുപ്പ് പൂർത്തിയായി പി.ഡബ്ല്യു.ഡിക്ക് കൈമാറിയ ശേഷമേ നിർമാണ ടെൻഡർ നടപടി പോലും ആരംഭിക്കൂ.

എന്നാൽ ചെത്തി മാറ്റം ഭാഗം മുതൽ പാലം വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികളെ സംബന്ധിച്ച് ഒരു രൂപരേഖയും ഇതേ വരെ ഉണ്ടായിട്ടില്ല എന്നതാണ് പുതിയ വിഷയം. ഇതിനിടെ ഈ ഭാഗത്തെ രൂപരേഖ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുള്ളത് പരിഹരിക്കപ്പെടാത്ത തർക്കമായി അവശേഷിക്കുന്നു. ഇതിൽ എന്ന് പരിഹാരവും നടപടിയും ഉണ്ടാവും എന്ന് കണ്ടറിയേണ്ടതുണ്ട്.

റിംഗ് റോഡിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന പന്ത്രണ്ടാം മൈൽ ഭാഗം മുതൽ പാലത്തിനു സമീപം വരെയുള്ള നിർമ്മാണം കിഫ് ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിനായുള്ള സർവ്വേയും പഠനവും പൂർത്തിയായതേ ഉള്ളൂ. ഫണ്ട് ഇനി അതുവദിച്ച് ലഭിക്കേണ്ടതുണ്ട്. എല്ലാം തർക്കരഹിതമായി നടന്നാൽ സമയത്ത് നടത്തുവാനായാൽ പോലും വർഷങ്ങൾ എടുക്കുo എന്ന് ചുരുക്കം. അതുകൊണ്ട് സമരം വെറും വാർത്തയ്ക്ക് മാത്രമാകും. നടപടിയാണ് വേണ്ടത്. എങ്കിലേ പാലം കടക്കുവാനാവൂ.

Advertisment