Advertisment

കരുവന്നൂരല്ല പാലായിലെ കിഴതടിയൂരും വലവൂരും. നിക്ഷേപകർക്ക് ആശങ്കപ്പെടാൻ തൽക്കാലം ഒന്നുമില്ല. പക്ഷേ വായ്പാ തട്ടിപ്പും ധൂർത്തും പകൽപോലെ വ്യക്തം. കിഴതടിയൂരിൽ മുൻ ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ പ്രതിസന്ധി പരിഹരിക്കാൻ നടക്കുന്നത് തീവ്രശ്രമം. പക്ഷേ കേന്ദ്രീകൃത വായ്പാ തട്ടിപ്പും ധൂർത്തും നടന്ന കിഴതടിയൂരിന്‍റെ കാര്യത്തിൽ അന്വേഷണം അട്ടിമറിക്കുന്നതാര് ? തട്ടിപ്പുകൾക്കിടയിലും പാലായിലെ സഹകരണ ബാങ്കുകൾ സുരക്ഷിതം തന്നെ

ഭരണസമിതിയുടെ തട്ടിപ്പുകൾ മൂലം ബാങ്കിനുണ്ടാകുന്ന പ്രതിസന്ധി പുറംലോകം അറിയുന്നതോടെ സാധാരണക്കാരായ നിക്ഷേപകരുടെ പണം നഷ്ടമാകുന്ന തലത്തിലേക്ക് പ്രചരണവും കൊഴുക്കുകയാണ്. പ്രതിപക്ഷ മുന്നണിക്കാരാണ് ഈ പ്രചരണങ്ങൾക്ക് പിന്നിൽ.

kizhathadiyur bank

കോട്ടയം: കരുവന്നൂർ ഉൾപ്പെടെ കള്ളപ്പണവും ജനങ്ങളുടെ നിക്ഷേപത്തുക ഉപയോഗിച്ചുള്ള വായ്പാ തട്ടിപ്പും കൊള്ളയും അരങ്ങേറുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ ഓരോന്നായി പുറത്തു വരുമ്പോൾ കോട്ടയം ജില്ലയിലെ പല പ്രമുഖ സഹകരണ ബാങ്കുകളിലും പ്രതിസന്ധി രൂക്ഷമാകുന്നു.

Advertisment

ഭരണസമിതിയുടെ തട്ടിപ്പുകൾ മൂലം ബാങ്കിനുണ്ടാകുന്ന പ്രതിസന്ധി പുറംലോകം അറിയുന്നതോടെ സാധാരണക്കാരായ നിക്ഷേപകരുടെ പണം നഷ്ടമാകുന്ന തലത്തിലേക്ക് പ്രചരണവും കൊഴുക്കുകയാണ്. പ്രതിപക്ഷ മുന്നണിക്കാരാണ് ഈ പ്രചരണങ്ങൾക്ക് പിന്നിൽ.


സഹകരണ ബാങ്കുകളെ സംബന്ധിച്ച് ഏത് നെഗറ്റീവ് വാർത്തകളും അതാത് ബാങ്കുകളിലെ നിക്ഷേപകരെ ആശങ്കപ്പെടുത്തുകയും അവർ നിക്ഷേപം പിൻവലിക്കാൻ നെട്ടോട്ടമോടുകയും ചെയ്യും. അത് വീണ്ടും തകർച്ചയുടെ ആക്കം വർധിപ്പിക്കും.

പാലാ കിഴതടിയൂര്‍ ബാങ്കിലും വലവൂർ സഹകരണ ബാങ്കിലും ഇപ്പോഴുണ്ടായ പ്രതിസന്ധിയും ഈ തലത്തിലുള്ളതാണ്. കിഴതടിയൂര്‍ ബാങ്കിൽ മുൻ ഭരണസമിതിയുടെ കാലത്തെ കെടുകാര്യസ്ഥതയും വായ്പാ തട്ടിപ്പുകളും കാരണം ഉടലെടുത്ത പ്രതിസന്ധികൾ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പുതിയ ഭരണസമിതി.

അതിനിടയിലാണ് ബാങ്കിൽ പ്രതിസന്ധി എന്ന തരത്തിലുള്ള പ്രചരണങ്ങളിലൂടെ ബാങ്കിനെ തകർക്കാൻ വീണ്ടും ശ്രമം നടക്കുന്നത്. ഇതോടെ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാൻ എത്തിയതാണ് ഇവിടുത്തെ പ്രതിസന്ധിക്ക് മുഖ്യ കാരണം.


കിഴതടിയൂര്‍ ബാങ്കിൽ മുൻ ഭരണസമിതിയുടെ കാലത്ത് നടന്നത് കേന്ദ്രീകൃത വായ്പാ തട്ടിപ്പും അഴിമതിയുമായിരുന്നു. കോടികളുടെ വായ്പ തരപ്പെടുത്തിയ പലരും വായ്പ വാങ്ങിയശേഷം ബാങ്കിലേക്ക് തിരിഞ്ഞു കയറിയിട്ടില്ല. പ്രമുഖ ജനപ്രതിനിധി ഉൾപ്പെടെയുള്ളവരാണ് പ്രധാന കുടിശ്ശിഖക്കാർ.


ഇത്തരത്തിൽ വായ്പാ കുടിശിഖ വരുത്തിയിട്ടുള്ള പ്രധാനികളിൽ പലരും അന്നത്തെ ഭരണത്തിൻറെ പ്രധാന സർക്കിളുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്. അതായത് തിരിച്ചടയ്ക്കാൻ വേണ്ടിയല്ല വായ്പ എടുത്തതെന്ന് തോന്നിപ്പിക്കും വിധമാണ് പലരുടെയും വായ്പകൾ. കുടിശിഖകൾ പലരും വായ്പാ കുടിശിഖകളേക്കാൾ പതിന്മടങ്ങ് ആസ്തിയും സമ്പത്തും ഉള്ളവരുമാണ്.

ഒരു കുടുംബവും അവരുടെ ബന്ധുക്കളും അവരുമായി നേരിട്ട് സൗഹൃദത്തിലുള്ളവരുമായുള്ളവരാണ് കഴതടിയൂർ ബാങ്കിലെ ഭൂരിപക്ഷം കുടിശിഖക്കാരും. ഇത് സംബന്ധിച്ച് യാതൊരു അന്വേഷണത്തിനും അധികാരികൾ മുതിർന്നിട്ടില്ല. ഇവരുടെ കുടിശിഖ തിരിച്ചടപ്പിക്കാൻ തട്ടിപ്പുകേസുകളെടുത്ത് ജപ്തി നടപടികളും സ്വീകരിച്ച് കർശന നടപടികളെടുക്കാൻ സർക്കാർ തയ്യാറുമല്ല.

പകരം ബാങ്കിൽ പ്രതിസന്ധി രൂക്ഷമായാൽ സാധാരണക്കാരായ നിക്ഷേപകരുടെ പണമാണ് നഷ്ടപ്പെടുന്നത്. ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ കിട്ടാക്കടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭരണസമിതിയും തയ്യാറാകണം. ബാങ്കിനെയും നിക്ഷേപകരെയും സുരക്ഷിതമാക്കാനുള്ള നടപടികൾ ഭരണസമിതി ഇതുവരെ സ്വീകരിച്ചിട്ടുണ്ട്. അത് വിജയകരവുമാണ്.

പക്ഷേ ജനപ്രതിനിധി ഉൾപ്പെടെയുള്ളവരുടെ പതിറ്റാണ്ടുകളായി തുടരുന്ന കിട്ടാക്കടങ്ങൾ തിരിച്ചുവീടിക്കാൻ വേഗത പോരെന്നാണ് ആക്ഷേപം. രാഷ്ട്രീയത്തേക്കാൾ നിക്ഷേപകരോടാണ് കടപ്പാടെന്നതാണ് കഴതടിയൂര്‍ ബാങ്ക് ഭരണസമിതി മനസിലാക്കുന്നത്.

കിഴതടിയൂരിന്‍റെ അലയടികള്‍ക്കൊപ്പം ഭരണസമിതിയിൽ ചില പ്രമുഖരുടെ ധൂര്‍ത്തും കൂടിയായപ്പോഴാണ് വലവൂർ ബാങ്കിനെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. പക്ഷേ വലവൂർ ബാങ്കിലും നിക്ഷേപകർക്ക് ആശങ്ക ഉണ്ടാക്കുന്ന തരത്തിലുള്ള സ്ഥിതിവിശേഷങ്ങൾ ഇല്ലെന്നതാണ് യാഥാർത്ഥ്യം.


വലവൂർ ബാങ്കിൽ വായ്പയേക്കാൾ 15 ശതമാനത്തിലധികമാണ് നിക്ഷേപം. പക്ഷേ വ്യാജ പ്രചരണങ്ങൾ ഉണ്ടായപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 15 കോടിയോളം രൂപ ഇവിടെനിന്ന് പിൻവലിക്കപ്പെട്ടു. അതൊക്കെ ആശങ്കയിലായ നിക്ഷേപകരായിരുന്നു. ആ വിധത്തിൽ നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുമ്പോൾ ഏത് ഉന്നത ബാങ്കാണെങ്കിലും പൊളിയും.


പക്ഷേ ബാങ്കിൻറെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാർക്കെതിരെ നടപടി വേണം. ബാങ്കിന് തട്ടിപ്പിലൂടെയോ ധൂര്‍ത്തിലൂടെയോ നഷ്ടമായ തുക തിരിച്ചുപിടിക്കാനും നടപടി വേണം. അതിന് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും മുൻഗണന നൽകണം. തട്ടിപ്പുകാരായ സ്വന്തം നേതാക്കളുണ്ടെങ്കിൽ അവരെ മാറ്റി നിർത്തി ശക്തരായ ജനപ്രതിനിധികളെ ഭരണസമിതിയിൽ എത്തിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ നടപടി ഉണ്ടായില്ലെങ്കിൽ അത് വലിയ ആപത്തായി മാറും.

ഇപ്പോൾ അപകടകരമല്ലാത്ത സുരക്ഷിതാവസ്ഥയിൽ തുടരുന്ന ബാങ്കുകളുടെ സ്ഥിതി പരിതാപകരമാകും. അത് പാവപ്പെട്ട നിക്ഷേപകരുടെ വയറ്റത്ത് അടിക്കുന്നതിന് തുല്യമാകും. അതിനാൽ അഴിമതിക്കാരുടെ കാര്യത്തിൽ ധനകാര്യ സ്ഥാപന ഭരണസമിതിയെ തീരുമാനിക്കുമ്പോള്‍ രാഷ്ട്രീയപാർട്ടികൾ ജാഗ്രത കാണിക്കണം. മറ്റ് ചില ബാങ്കുകളിലും സമാന സാഹചര്യങ്ങൾ ഉണ്ട്. 

 
Advertisment