/sathyam/media/media_files/HiT3ufnWFSjaAxAb0djn.jpg)
പാലാ: ജനജീവിതത്തെപ്പോലും ദുസഹമായി ബാധിച്ചിരിക്കുന്നവിധം പാലായിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയിരിക്കുന്ന ലഹരി മാഫിയ, പോലീസ് നടപടികളെ പ്രതിരോധിക്കാന്‍ ഭരണകക്ഷി സംഘടനകളില്‍ ചേക്കേറിയിട്ടുള്ളതായി ആരോപണം.
പാര്‍ട്ടിയിലെ സാന്നിധ്യവും പൊതിച്ചോർ വിതരണം ഉൾപ്പെടെയുള്ള സജീവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കില്‍ കേസില്‍ അകപ്പെടുമ്പോള്‍ പോലീസ് സഹായം ഉറപ്പാക്കാമെന്നതാണ് ഇവരുടെ ലക്ഷ്യം. പോലീസ് പിടിയിലായാല്‍ ഭരണകക്ഷി സംഘടനകളിലെ സാന്നിധ്യം ചൂണ്ടിക്കാട്ടിയും നേതാക്കളെ സ്വാധീനിച്ചും രക്ഷപെടുകയാണ് ഇവരുടെ പതിവ്.
ലഹരിക്കെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണകക്ഷി ഘടകകക്ഷികളുടെ പോഷകസംഘടനകളില്‍ ഇത്തരം നൂറുകണക്കിന് പേരാണ് നുഴഞ്ഞു കയറിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇവർക്കെതിരെ മുന്നണി തലത്തിൽ പാലായിലെ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 5 വര്‍ഷക്കാലം കൊണ്ട് പാലായുടെ പരിസരപ്രദേശങ്ങളില്‍ ലഹരിമാഫിയ പത്തിരട്ടി വളര്‍ച്ച നേടിയതായാണ് വിലയിരുത്തല്‍. പാലായുടെ നഗരപരിധിക്ക് പുറത്ത് ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രാത്രികാലങ്ങളില്‍ ലഹരികൈമാറ്റവും വിപണനവും ഉപയോഗവും അരങ്ങേറുന്നത്. നാട്ടിന്‍പുറങ്ങളിലെ ഉള്‍റോഡുകളില്‍ തമ്പടിക്കുന്നതോടെ പോലീസിന്‍റെ നിയന്ത്രണപരിധി മറികടക്കുകയാണ് ലക്ഷ്യം.
എന്നാൽ ഇതുസംബന്ധിച്ച മാധ്യമ വാർത്തകളെ തുടർന്ന് പാലാ പോലീസ് 'ഓപ്പറേഷൻ ഡ്രിങ്ക്സ്' എന്ന പേരിൽ സ്‌പെഷ്യൽ സ്‌ക്വഡ് രൂപീകരിച്ചു നടത്തിയ തുടർച്ചയായ പരിശോധനകളിൽ കഴിഞ്ഞ ആഴ്ച നാല്പതിലേറെ പേർക്കെതിരെ കേസെടുത്തിരുന്നു. പോലീസ് നടപടി തുടങ്ങിയതോടെ ഇത്തരം പ്രദേശങ്ങൾ ഇപ്പോൾ ശാന്തമാണ്.
ഇത്തരക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. പകല്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ കുപ്പായം അണിയുന്ന ചിലര്‍ രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ വേഷത്തിലാണത്രെ അവതരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us