ഐ ചലഞ്ചുമായി മണര്‍കാട് സെയിന്റ് ജൂഡ്‌സ് ഗ്ലോബല്‍ സ്‌കൂള്‍

New Update
manarkad st. juds school

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തലപ്പാടി സെയിന്റ് ജൂഡ്‌സ് ഗ്ലോബല്‍ സ്‌കൂള്‍ നടത്തിയ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനറാലി   മണര്‍കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. സെയിന്റ് ജൂഡ്‌സ് ഗ്ലോബല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌നേഹ സാജന്‍ സമീപം.

കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സെയിന്റ് ജൂഡ്‌സ് ഗ്ലോബല്‍ സ്‌കൂള്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനറാലി നടത്തി. പ്ലാസ്റ്റിക് സാമൂഹ്യ വിപത്ത് എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തലപ്പാടിയില്‍ നിന്നും മണര്‍കാട് കവലയിലേക്കായിരുന്നു റാലി നടത്തപ്പെട്ടത്.

Advertisment

'പ്ലാസ്റ്റിക് നമുക്ക് വേണ്ടേ വേണ്ട' എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം  മണര്‍കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്‌നേഹ സാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടി ആര്‍ സന്ധ്യ സ്വാഗതവും  നേര്‍ന്നു.

സെയിന്റ് ജൂഡ് ഗ്ലോബല്‍ സ്‌കൂളിലെ ഹരിതസേന അവതരിപ്പിച്ച സ്വഛ് ഭാരത് മിഷന്‍ സന്ദേശം ഉള്‍ക്കൊള്ളുന്ന മൂകാഭിനയവും തുടര്‍ന്ന് നടന്നു. അന്തര്‍ദേശീയ കരാട്ടെ ചാമ്പ്യന്‍ ജോഷ് മനോ ജോയിയുടെ പ്രത്യേക കരാട്ടെ പ്രകടനവും നടന്നു.

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികളുടെ കൗണ്‍സില്‍ അവതരിപ്പിച്ച ഐ ചലഞ്ച് ക്യാമ്പയിനില്‍ വീടും പരിസരങ്ങളും വൃത്തിയാക്കിയും, വീട്ടുജോലികളില്‍ സഹായിച്ചും ആദ്യദിനത്തിലെ ചലഞ്ച് പൂര്‍ത്തിയാക്കിയ കുട്ടികള്‍ രണ്ടാം ദിവസം സ്‌കൂളും, പരിസരങ്ങളും വൃത്തിയാക്കി.

മൂന്നാം ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്‌കൂളില്‍ എത്തിച്ചു. പ്ലാസ്റ്റിക് തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറും. 

Advertisment