കൊച്ചുകൊട്ടാരം നിവാസികളോട് അവഗണനയോ... പച്ചാത്തോട്-കൊച്ചുകൊട്ടാരം റോഡ് തകര്‍ന്നു ഗതാഗത യോഗ്യമല്ലാതായി

New Update
road collapsed

പച്ചാത്തോട്-കൊച്ചുകൊട്ടാരം റോഡ് തകര്‍ന്ന ഗതാഗതയോഗ്യമല്ലാതായ നിലയില്‍.

പൂവരണി: പച്ചാത്തോട്-കൊച്ചുകൊട്ടാരം റോഡ് തകര്‍ന്നു ഗതാഗത യോഗ്യമല്ലാതായി. റോഡ് തകര്‍ന്ന് കാല്‍നടയാത്ര പോലും ദുഷ്്കരമായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍. പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ-പൊന്‍കുന്നം റോഡില്‍ നിന്നും പാലാ-കൊടുങ്ങൂര്‍ റൂട്ടിലേക്കുളള എളുപ്പ വഴിയാണിത്.

Advertisment

നിരവധി വാഹനങ്ങളും യാത്രക്കാരും ദിവസവും ഉപയോഗിക്കുന്ന ഈ റോഡ് റീ ടാറിംഗ് നടത്തിയിട്ട് 20 വര്‍ഷമാകുന്നു. പൊന്‍കുന്നം, പൈക ഭരണങ്ങാനം, ഇടമറ്റം ഭാഗങ്ങളിലുള്ളവര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് പോകുന്നതിനായി ഉപയോഗിക്കുന്ന എളുപ്പവഴിയുമാണിത്. കൊച്ചുകൊട്ടാരം പള്ളി, സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും ആളുകള്‍ ദിവസവും ഇതുവഴിയാണ് പോകുന്നത്.

റോഡിന്റെ ഒന്നര കിലോമീറ്റര്‍ ഭാഗം പൂര്‍ണമായും ടാര്‍ പൊളിഞ്ഞ് മെറ്റല്‍ ഇളകി കിടക്കുകയാണ്. അടുത്തനാളില്‍ മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകി തകര്‍ച്ചയുടെ ആഘാതം വര്‍ധിച്ചിരിക്കുകയാണ്.

ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് നാട്ടുകാരും വിവിധ സംഘടനകളും പല തവണ ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ശക്തമായ വെള്ളമൊഴുക്കുള്ള റോഡില്‍ ഓട നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

റോഡ് അടിയന്തരമായി റീടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

Advertisment