യാത്രക്കാരന് നേരെ മർദ്ദനം: ബസ് കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ

New Update
crime bus workers

വൈക്കം: ബസ് യാത്രക്കാരനായ മധ്യവയസ്കനെ ബസ്സിനുള്ളില്‍ ആക്രമിച്ച കേസിൽ കണ്ടക്ടറെയും, ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കുമരകം തെക്കുംഭാഗത്ത് പുതുവീട് വീട്ടിൽ ആദർശ് പ്രസന്നൻ (27), ചെങ്ങളം അയ്യംമാത്ര പാലത്തിന് സമീപം പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു പി.ബി  (28) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

വൈക്കം-കൈപ്പുഴമുട്ട്  റൂട്ടിൽ ഓടുന്ന ശ്രീ ഗണേഷ് എന്ന ബസ്സിലെ ജീവനക്കാരായ ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ബസ് യാത്രക്കാരനായ തലയാഴം സ്വദേശിയായ മധ്യവയസ്കനെ ടിക്കറ്റ് എടുത്തില്ല എന്ന് ആരോപിച്ച് മർദ്ദിക്കുകയും, വണ്ടിയിൽ നിന്നും തള്ളി താഴെ ഇടുകയുമായിരുന്നു. 

യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. 

വൈക്കം സ്റ്റേഷൻ എസ്. എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ്. എസ്, ഷിബു വർഗീസ്, വിജയപ്രസാദ്, സി.പി.ഓ രജീഷ് എൻ.ആർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Advertisment