/sathyam/media/media_files/rUCHX0eDOmh8Fkje3AH1.jpg)
പാലാ: ഇടതുമുന്നണി ഭരിക്കുന്ന പാലാ നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ പാര്‍ട്ടി അംഗമായ ചെയര്‍പേഴ്സണെതിരെ പാര്‍ട്ടി കൗണ്‍സിലര്‍ നടത്തിയ കൈയ്യേറ്റ ശ്രമം ഗൗരവമായെടുക്കാന്‍ സിപിഎം.
ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോയില്‍ നിന്നുംഅധ്യക്ഷവേദിയില്‍ കയറി അജണ്ട പിടിച്ചുപറിച്ചെറിഞ്ഞ് ടേബിളില്‍ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടത്തിലിന്‍റെ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യും.
ബിനു പുളിക്കക്കണ്ടത്തിലിന്‍റെ നിര്‍ദേശ പ്രകാരം പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത ജോസിന്‍ ബിനോയ്ക്കെതിരെയായിരുന്നു ബിനുവിന്‍റെ ഭാഗത്തുനിന്നും നിലവിട്ട പെരുമാറ്റം ഉണ്ടായതെന്നതാണ് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചത്.
ഇന്ന് രാവിലെ കൗണ്‍സില്‍ യോഗത്തിലായിരുന്നു അനിഷ്ട സംഭവങ്ങള്‍. നഗരസഭ പുല്ലുവെട്ടി യന്ത്രം വാങ്ങുന്നത് സംബന്ധിച്ച് ബിനു ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ച പിന്നാലെ ബിനു അധ്യക്ഷയുടെ ടേബിളിനടുത്തേയ്ക്ക് കയറിയത്.
ചെയര്‍പേഴ്സന്‍റെ കൈയ്യിലിരുന്ന അജണ്ട ഉള്‍പ്പെടെയുള്ള നഗരസഭാ രേഖകള്‍ പിടിച്ചുപറിച്ചെടുത്ത് വലിച്ചുകീറി എറിയുകയായിരുന്നു ബിനു. തുടര്‍ന്ന് കൈചുരുട്ടി മേശയില്‍ ഇടിച്ച് പ്രകോപനം സൃഷ്ടിച്ചതോടെ അപ്രതീക്ഷിതമായ നടപടിയില്‍ ചെയര്‍പേഴ്സണ്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നു വീഴുകയായിരുന്നു.
/sathyam/media/media_files/EJin8C75RtY681lCHaMo.jpg)
ഇതേ കൗണ്‍സിലിന്‍റെ കാലയളവില്‍ തന്നെ ഭരണകക്ഷിയില്‍പെട്ട കേരള കോണ്‍ഗ്രസ് - എം കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലിനെ ബിനു കൈയ്യേറ്റം ചെയ്യ സംഭവവും ഉണ്ടായിരുന്നു. എന്നാല്‍ അത് ഇരുവരും തമ്മിലുള്ള കൈയ്യാങ്കളി ആയിരുന്നതിനാല്‍ മുന്നണി ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
എന്നാല്‍ ഇന്നത്തെ സംഭവം വ്യത്യസ്തമാണ്. സിപിഎം അംഗമായ ചെയര്‍പേഴ്സണെതിരെ അതേ പാര്‍ട്ടിയില്‍ പെട്ട കൗണ്‍സിലറുടെ ഭാഗത്തുനിന്നും അപ്രതീക്ഷിതമായുണ്ടായ അക്രമമാണ് കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറിയത്. ഈ സാഹചര്യം അവഗണിക്കാന്‍ സിപിഎമ്മിന് കഴിയില്ല.
ജോസിന്‍ ബിനോയുടെ പേര് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുന്നത് ബിനുവായിരുന്നു. ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ മാധ്യമങ്ങളെ കണ്ട ജോസിന്‍ ബിനോ ആദ്യം പറഞ്ഞതും ബിനു പുളിക്കക്കണ്ടത്തിന്‍റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നായിരുന്നു. അതായത് പാര്‍ട്ടിയോടുള്ളതിലും കൂറ് ബിനുവിനോട് കാണിക്കുമെന്ന് പറഞ്ഞ ചെയര്‍പേഴ്സണെതിരെയാണ് ഇന്ന് ബിനുവിന്‍റെ അതിക്രമം ഉണ്ടായതെന്നതാണ് ശ്രദ്ധേയം.
നഗരസഭാ ഭരണത്തില്‍ അനാവശ്യ ഇടപെടലിന് നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നതാണ് ബിനുവുമായുള്ള അഭിപ്രായഭിന്നതയ്ക്ക് കാരണമെന്നതാണ് ചെയര്‍പേഴ്സന്‍റെ പ്രതികരണം. നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പരിധിവിട്ട നടപടികള്‍ക്ക് ചെയര്‍പേഴ്സന്‍റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും അവരതിന് വഴങ്ങിയില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം നഗരത്തില്‍ സ്ഥലത്തെ പ്രധാന ജനപ്രതിനിധിയുമായി ബന്ധമുള്ള ഒരു കെട്ടിടത്തില്‍ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടിയ പോലീസ് നടപടി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കിടയിലെ കുടിപ്പകയുടെ ഭാഗമായുണ്ടായതാണെന്ന സംശയവും തര്‍ക്കങ്ങള്‍ക്ക് കാരണമാണ്. ചില പ്രമുഖ കൗണ്‍സിലര്‍മാര്‍ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നതിനാല്‍ ഇവരെ ലക്ഷ്യം വച്ചായിരുന്നോ റെയ്ഡ് എന്നതായിരുന്നു വൈരാഗ്യത്തിന്‍റെ കാരണം.
തൊട്ടുപിന്നാലെ കൗണ്‍സിലര്‍ സംഘത്തിന്‍റെ ബോട്ട് യാത്രയ്ക്കിടെ ചെറിയ സംഖ്യ കളത്തിലിറക്കി നടത്തിയ ചീട്ടുകളിയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്തായാലും നഗരസഭ ആകെ അലങ്കോലമായ സ്ഥിതിയിലാണ് പാലായില്‍. പ്രഗത്ഭന്മാര്‍ ഭരണം നിയന്ത്രിച്ച പാലാ നഗരസഭയിലിപ്പോള്‍ ഏതോ ജീവി നക്കിയതുപോലായി കാര്യങ്ങള്‍ എന്നു പറയുന്നതാകും ശരി.
സിപിഎമ്മിന് പാലായില്‍ ആദ്യമായി നഗരസഭാ ചെയര്‍പേഴ്സണ്‍ പദവി ലഭിച്ച അവസരത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ മുന്നണിയില്‍ പോലും അവര്‍ക്ക് അപമാനമായിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us