കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ഥ്യത്തിലേയ്ക്ക് ! ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും !

New Update
kanjirappally bypass

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ഥ്യത്തിലേയ്ക്ക്. ബൈപാസിനായുള്ള ബൈപാസിനായുള്ള ടെണ്ടര്‍ വിളിച്ച് കരാറുകാരനെ നിശ്ചയിച്ച് ടെണ്ടര്‍ അലോട്ട്‌മെൻ്റ് നടപടികളിലേയ്ക്ക് കടന്നിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. 

Advertisment

ബൈപാസിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും മുകളിലൂടെയുള്ള ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതിന് മുന്‍പരിചയമുള്ള കരാറുകാര്‍ക്ക് മാത്രമായിരുന്നു അര്‍ഹത. അതിനാല്‍ റെയില്‍വേ ജോലികള്‍ ചെയ്യുന്ന ഏജന്‍സിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. 

വില കൊടുത്ത് ഏറ്റെടുത്ത 8.64 ഏക്കര്‍ സ്ഥലം ബൈപാസിൻ്റെ നിര്‍വഹണ ഏജന്‍സിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയിരുന്നു. ബൈപാസ് കടന്നുപോകുന്ന പ്രദേശത്തെ മരങ്ങള്‍ പൂര്‍ണമായി വെട്ടിമാറ്റിയിട്ടുണ്ട്.

ഈ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന അതിര്‍ത്തികല്ലുകള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി കരാര്‍ എടുത്ത ഏജന്‍സിക്ക് സ്ഥലം കൈമാറുന്ന നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 

ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ തന്നെ ഇലക്ട്രിസിറ്റി ലൈനുകള്‍, വാട്ടര്‍ ലൈനുകള്‍ എന്നിവ മാറ്റുന്ന പ്രവര്‍ത്തി ആരംഭിക്കാനാകും. അതിനുശേഷം ബൈപാസ് റോഡ് നിര്‍മ്മാണം ആരംഭിക്കും. 

നിര്‍ദ്ദിഷ്ട ഫ്‌ളൈഓവറിന് വേണ്ടി തയാറാക്കിയ ഡിസൈന്‍ ഐഐടിയുടെ അന്തിമാംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതും ഈ മാസം തന്നെ ലഭിച്ചാല്‍ നവംബര്‍ പകുതിയോടെ അതിൻ്റെ നിര്‍മ്മാണവും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥലം എംഎല്‍എ ഡോ. എന്‍ ജയരാജ് പറഞ്ഞു. 

കേസുകൾ, ഒത്തുതീർപ്പുകൾ, സ്ഥലമുടമകൾക്ക് ന്യായവില ഉറപ്പാക്കൽ, കോടതി വ്യവഹാരങ്ങൾ, നിരന്തരമായ സോഷ്യൽമീഡിയാ വിമർശനങ്ങൾ തുടങ്ങി ബൈപാസ് നിര്‍മ്മാണത്തിന് കടമ്പകള്‍ ഏറെയായിരുന്നു.

കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന്  പരിഹാരം ആകണമെങ്കില്‍ ബൈപാസ് യാഥാര്‍ഥ്യമാകണം. കാഞ്ഞിരപ്പള്ളിക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ബൈപാസ്.

Advertisment