പൂഞ്ഞാറിനെ ഓർത്ത് പാലാ എംഎൽഎ കരയേണ്ട; പാലായുടെ കാര്യം നോക്ക്. പൂഞ്ഞാറിൻ്റെ കാര്യം എൽഡിഎഫ് നോക്കിക്കോളും - എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു

New Update
prof lopus mathew-2

ഈരാറ്റുപേട്ട: നിർദ്ദിഷ്ഠ മീനച്ചിൽ - മലങ്കര കുടിവെള്ള പദ്ധതി ഉട്ടോപ്യൻ പദ്ധതിയാണെന്നുള്ള പാലാ എംഎൽഎയുടെ പരിഹാസവും പൂഞ്ഞാർ മണ്ഡലത്തിലേക്ക് ഒരു തുള്ളി വെള്ളം ലഭിക്കില്ലെന്നുള്ള ആക്ഷേപവും ഒരിക്കലും നടക്കില്ലെന്ന് യുഡിഎഫ് കരുതിയ പദ്ധതി എൽഡിഎഫ് നടപ്പാക്കിയതിലുള്ള ജാള്യതയിൽ നിന്നുമാണെന്നും പൂഞ്ഞാറിനെ ഓർത്ത് പാലാ എംഎൽഎ കരയേണ്ടതില്ലെന്നും അക്കാര്യങ്ങൾ എൽഡിഎഫ് നോക്കിക്കൊള്ളാമെന്നും പദ്ധതി നടപ്പാക്കാനറിയാമെങ്കിൽ വെള്ളം എത്തിക്കുവാനും കഴിയുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.

Advertisment

മൂവാറ്റുപുഴ വാലിയിലെ വെള്ളം ആർക്കും പ്രയോജനപ്പെടുത്താതെയും മീനച്ചിലിലേക്ക് കടക്കാതെയും എക്കാലവും വേമ്പനാട്ട് കായലിലേക്ക് ഒഴിക്കി കളയാമെന്നുള്ള യുഡിഎഫിൻ്റെ പതിറ്റാണ്ടുകളായുള്ള അജണ്ട പൊളിച്ചതാണ് യുഡിഎഫ് എംഎൽഎയുടെ പ്രകോപനത്തിനും പരിഹാസത്തിനും കാരണമെന്ന് പ്രോഫ. ലോപ്പസ് പറഞ്ഞു. 

എന്നാൽ യുഡിഎഫ് കാരനായ എംപിയും പഞ്ചായത്ത് പ്രസിഡണ്ടുമാരും പദ്ധതി എത്രയും വേഗം നടപ്പാക്കുന്നതിന് സഹകരിക്കുന്നതായും യുഡിഎഫ് ഭരിക്കുന്ന തീക്കോയി പഞ്ചായത്തിലാണ് ആദ്യഘട്ട നിർമ്മാണം ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി കുടിവെള്ള പദ്ധതിക്ക് ഒരു ഭരണാനുമതി ലഭ്യമാക്കപ്പെടുന്നത്. ഇതേ തുടർന്നാണ് നീലൂരിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയത്. അതുകൊണ്ടാണ് ഇന്ന് തടസ്സമില്ലാതെ തർക്കമില്ലാതെയും വൻകിട ജല ശുദ്ധീകരണ പ്ലാൻ്റ് സ്ഥാപിക്കുവാനും പദ്ധതി ആരംഭിക്കുവാനും കഴിഞ്ഞിരിക്കുന്നത്. 

പാലായെ എൽഡിഎഫ് അവഗണിക്കുകയാണെന്നും ബജറ്റ് വിഹിതമായി അഞ്ചുകോടി മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും സ്ഥിരമായി പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു നടക്കുന്ന പാലാ എംഎൽഎ ഇന്ന് എൽഡിഎഫ് സർക്കാർ പാലാമണ്ഡലത്തിൽ നടപ്പാക്കുന്ന ശതകോടികളുടെ വികസന ലിസ്റ്റ് പുറത്തുവിട്ടതിൽ അഭിമാനമുണ്ട്. 

വികസനം പൂർത്തിയാകുമ്പോൾ മുൻപ് പറഞ്ഞത് വിഴുങ്ങി അവകാശവുമായി വന്ന് വീമ്പിളക്കുകയുമാണ്.
കടപുഴ പാലത്തിന് കോടികൾ അനുവദിച്ചതായി നിരവധി തവണ പത്രസമ്മേളനങ്ങൾ നടത്തിയ എംഎൽഎ ഇപ്പോൾ അവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. കളരിയാംമാക്കൽ അപ്രോച്ച് റോഡിനും ഇതു തന്നെയാണ് സ്ഥിതി. ഇവിടെ റോഡ് അലൈൻമെൻ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതിനെ തുടർന്ന് തുടർ നടപടി തടസ്സപ്പെട്ട സ്ഥിതിയാണ്.

നിയമസഭാ സമ്മേളനവും ബജറ്റ് അവതരണ സമ്മേളനവും വികസന സമിതി യോഗങ്ങളും പങ്കെടുക്കാത്ത എംഎൽഎ കൂടിയാണ് അദ്ദേഹമെന്ന് പ്രൊഫ. ലോപ്പസ് പറഞ്ഞു. 

ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് മേഖല പാലാ ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ടതാണ്. കാപ്പൻ എംഎൽഎ ആകും മുൻപ് തന്നെ ഇല്ലിക്കൽ കല്ലിലേക്ക് ടാർ ചെയ്ത റോഡ് ഉണ്ട്. ഇലവീഴാപൂഞ്ചിയിലേക്ക്‌ വർഷങ്ങൾക്ക് മുന്നേ റോഡ് നിർമ്മിച്ചിരുന്നുവെങ്കിലും ടാറിംഗ് പൂർത്തികരിച്ചിരുന്നില്ല.

ഫണ്ടിംഗ് ഏജൻസിയായ നബാർഡും കരാർ ഏറ്റെടുത്ത കരാറുകാരനും തമ്മിലുണ്ടായ വ്യവഹാരം തീർപ്പാക്കിയ ശേഷം എൽഡിഎഫ് ഇടപെടലിലാണ് ഇലവീഴാപൂഞ്ചിറ റോഡ് ഇപ്പോൾ നവീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അവിടെ റോഡിൻ്റെ മൺപണികൾ വർഷങ്ങൾക്കു മുന്നേ പൂർത്തിയാക്കിയിരുന്നതാണ്. കാപ്പൻ എംഎൽഎ ആയ ശേഷം പുതിയതായി റോഡ്‌ വെട്ടി ടാർ ചെയ്തതല്ല. കരാറുകാരൻ്റെകേസിനെ തുടർന്ന് നിർമാണ കരാർ റദ്ദാക്കപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി മൂന്നു മാസത്തിനുള്ളിൽ അന്തർദേശീയ ടൂറിസം ഭൂപടത്തിൽ ഇലവീഴാപൂഞ്ചിറ ഉൾപ്പെടുത്തിയിരിക്കുമെന്ന് നിരവധി തവണ പ്രഖ്യാപിച്ച എംഎൽഎ പല മൂന്നു മാസങ്ങൾ കഴിഞ്ഞ സ്ഥിതിക്ക് നിലവിലെ സ്ഥിതി കൂടി ജനങ്ങളോട് വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ വർഷവും ബജറ്റ് വിഹിതം, പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, വകുപ്പുതല പ്രത്യേക പദ്ധതികൾ വെള്ളപൊക്ക ദുരിതാശ്വാസ നിധി, വരൾച്ചാ ദുരിതാശ്വാസ നിധി എന്നിങ്ങനെ കോടികളാണ് ഓരോ മണ്ഡലത്തിനും സർക്കാർ നൽകുന്നത്. ഇത് ഫലപ്രദമായി ഇടപെട്ട് ഭരണാനുമതി വാങ്ങി ടെൻഡർ ചെയ്യിച്ച് നടപ്പാക്കുവാൻ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment