/sathyam/media/media_files/bHS9PhHzuc1MSAwAJyTf.jpg)
പാലാ: കരുവന്നൂര്‍ ബാങ്കിനെ വെല്ലുന്ന തീവെട്ടിക്കൊള്ള നടന്ന മീനച്ചില്‍ താലൂക്കിലെ പ്രമുഖ ബാങ്കായ കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഞെട്ടിക്കുന്ന വായ്പാ - നിക്ഷേപ - കള്ളപ്പണം വെളുപ്പിക്കല്‍ - കള്ളനോട്ട് - ചാരിറ്റി തട്ടിപ്പുകളില്‍ അന്വേഷണം നടത്താന്‍ മടിച്ച് സംസ്ഥാന സര്‍ക്കാര്‍.
സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍റെ സ്വന്തം ജില്ലയില്‍ നടന്ന സഹകരണ ബാങ്ക് കൊള്ളയെപ്പറ്റി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതിനു പിന്നില്‍ ഭരണ - പ്രതിപക്ഷ കക്ഷികളുടെ സംയുക്ത രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
കിഴതടിയൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ഇപ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍ 5000 രൂപ വീതമാണ് തിരിച്ചു നല്‍കുന്നത്. വിവാഹം, ഭവന നിര്‍മ്മാണം, വസ്തു വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെ സംരക്ഷണം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് സാധാരണക്കാര്‍ ബാങ്കില്‍ നിക്ഷേപിച്ച പണമാണ് ഇങ്ങനെ നക്കാപ്പിച്ചയായി എവിടെയും ഗുണപ്പെടാത്ത വിധം മാസം പതിനായിരം വീതം മടക്കി നല്‍കിക്കൊണ്ടിരിക്കുന്നത്.
ഒരു കുടുംബത്തിന്‍റെ തോന്ന്യാസങ്ങള്‍ ?
ബാങ്കിലെ നിക്ഷേപത്തിന്‍റെ വലിയൊരു ശതമാനം തുകയും മുന്‍ പ്രസിഡന്‍റും അദ്ദേഹത്തിന്‍റെ കുടുംബത്തില്‍പെട്ട 14 പേരും അദ്ദേഹത്തിന്‍റെ അഞ്ചോ ആറോ സുഹൃത്തുക്കളും ചേര്‍ന്നാണ് വായ്പയായി അടിച്ചു മാറ്റിയിരിക്കുന്നത്.
ബാങ്ക് വായ്പ നല്‍കിയ 195 കോടിയില്‍ 30 കോടിയിലേറെയും മുന്‍ പ്രസിഡന്‍റ് ജോര്‍ജ് സി കാപ്പനും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് വായ്പയായി കൈപ്പറ്റിയതായ വിവരങ്ങളാണ് പുറത്തു വരുന്നത്.
/sathyam/media/media_files/LRSCMPfMpJ0gub74DY8f.jpg)
ജോര്‍ജ് സി കാപ്പന്‍റെ സഹോദരന്‍ പാലാ എംഎല്‍എ കൂടിയായ മാണി സി കാപ്പനും ഭാര്യയ്ക്കും കൂടി മാത്രം ഒരു കോടി രൂപയാണ് കുടിശിഖ. മുന്‍ പ്രസിഡന്‍റ് ജോര്‍ജ് സി കാപ്പന്‍ 17 വര്‍ഷം മുമ്പെടുത്ത വായ്പയില്‍ ഇപ്പോഴത്തെ കുടിശിഖ 5.50 കോടിയാണ്.
വായ്പ എടുത്തിട്ട് നയാപൈസ തിരിച്ചടയ്ക്കാതെ വര്‍ഷാവര്‍ഷം പലിശ മുതലിനോട് ചേര്‍ത്ത് പുതുക്കി വയ്ക്കുന്നതായിരുന്നു പതിവ്.
വാല്വേഷന്‍ നഗരസഭാ മൊത്തം വാങ്ങാനുള്ളത് !
ജോര്‍ജോ സി കാപ്പന്‍റെ സുഹൃത്തുക്കളും ബാങ്കിലെ മുന്‍ ഡയറക്ടര്‍മാരുമായിരുന്ന നാലോ അഞ്ചോ പേരുടെ പേരില്‍ മാത്രം 35 കോടിയോളമുണ്ട് കുടിശിഖ. ഇതൊന്നും വായ്പ എടുത്തതല്ലാതെ അണാ പൈസ തിരിച്ചടച്ചതല്ല.
വര്‍ഷാ വര്‍ഷം ഈട് വസ്തുവിന്‍റെ വാല്വേഷന്‍ കൂട്ടി വച്ച് പലിശ മുതലിനോട് ചേര്‍ത്തു പുതുക്കി വയ്ക്കുന്നതാണ് പതിവ്. ബാങ്ക് പൊളിയാനുള്ള പ്രധാന കാരണവും ഇതായിരുന്നു. മുന്‍ പ്രസിഡന്‍റിന്റെയും കുടുംബാംഗങളുടെയും കൂട്ടുകാരുടെയും പേരിലുള്ള ഈട് വസ്തുക്കളുടെ വാല്വേഷന്‍ കണക്കാക്കിയാല്‍ പാലാ നഗരസഭാ പരിധിയിലെ ആകെ ഭൂമിയ്ക്ക് അത്ര വില വരില്ലത്രേ.
ഒരു കാലത്ത് പാലാക്കാരുടെ ധനസംഭരണിയായിരുന്ന കിഴതടിയൂര്‍ ബാങ്കിനെ മുന്‍ പ്രസിഡന്‍റും കുടുംബക്കാരും കൂട്ടുകാരും ചേര്‍ന്നുള്ള വായ്പാ കൊള്ളയിലൂടെ മുച്ചൂട് മുടിയ്ക്കുകയായിരുന്നു.
പാലായിലെ നന്മമര സോദരങ്ങള്‍
വായ്പാ തട്ടിപ്പിന് പുറമെ, ബാങ്കില്‍ നിന്നും വായ്പ എടുക്കുന്ന സാധാരണക്കാരെയും ബാങ്ക് ജീവനക്കാരെയും ഇടപാടുകാരെയും പിഴിഞ്ഞുണ്ടാക്കിയ ബാങ്ക് പ്രസിഡന്‍റിന്‍റെ 'നന്മ' ഫണ്ടിന്‍റെ പേരിലും കോടികളാണ് അടിച്ചുമാറ്റിയതെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പ്ലസ് ടു പാസാകാത്ത യുവതിക്ക് സിഎയ്ക്ക് പഠിക്കാന്‍ 25 ലക്ഷം, കാപ്പന്‍റെ വിട്ടിലെ സഹായിയായിരുന്ന സ്ത്രീയുടെ മകള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ 25 ലക്ഷം വീതമൊക്കെയാണ് സഹകരണ ബാങ്ക് പ്രസിഡന്‍റിന്‍റെ 'നന്മ ദുരിതാശ്വാസ' നിധിയില്‍ നിന്നുള്ള സംഭാവന. 25 ലക്ഷം മുടക്കി കാപ്പന്‍ ബാങ്ക് ഫണ്ടുപയോഗിച്ചു സി എയ്ക്കു ചേര്‍ത്ത യുവതി കൊച്ചിയില്‍ വേറൊരു സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായി പിന്നെ പോയത് ജയിലിലേയ്ക്ക്.
/sathyam/media/media_files/4aCqtXBWs6hG5X7ajc3j.jpg)
'സിഎ'ക്കാരി യുവതിയുടെ അമ്മയാണെങ്കില്‍ ബാങ്കില്‍ നിന്നും 50 ലക്ഷം അടിച്ചുമാറ്റിയ കേസില്‍ പ്രതിയായി പോലീസ് പിടിയിലായി. സഹോദരന്‍ കള്ളനോട്ട് കേസിലും അകപ്പെട്ടു. മുന്‍ പ്രസിഡന്‍റിന്റെ കൂട്ടുകെട്ട് ഉഗ്രന്‍ ! ആ ഫാമിലിയ്ക്കാണ് പാലാക്കാരുടെ ചികിത്സാ - വിദ്യാഭ്യാസ സഹായത്തിനുള്ള നീതിയില്‍ നിന്നും 25 ലക്ഷം ' ദുരിതാശ്വാസം.'
പണം മുടക്കിയപ്പോള്‍ ആര്‍ക്കാണ് ആശ്വാസം ആയതെന്ന് ഇനി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തണം. പാവപ്പെട്ടവന് അരിയും പയറും വാങ്ങാന്‍ സഹായം നല്‍കാനെന്ന പേരില്‍ പിരിച്ച ഫണ്ടില്‍ നിന്നാണ് ഇത്തരം തോന്ന്യാസങ്ങള്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25 ലക്ഷം രൂപ ഒന്നിച്ച് മുന്‍ ഇടതുമുന്നണി നേതാവ് മരിച്ചപ്പോള്‍ കുടുംബത്തിന് ചികിത്സാ സഹായം അനുവദിച്ചത് ചോദ്യം ചെയ്തത് ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. അപ്പോഴാണ് സഹകരണ ബാങ്ക് പ്രസിഡന്‍റിന്‍റെ 'നിധി'യില്‍ നിന്നും വേണ്ടപ്പെട്ടവര്‍ക്ക് 25 ലക്ഷം വീതം 'ദുരിതാശ്വാസം' !
മാധ്യമങ്ങള്‍ക്കും മൗനം !
ഇത്തരം പരാതികളാണ് കിഴതടിയൂര്‍ ബാങ്ക് തട്ടിപ്പിന്‍റെ പേരില്‍ ദിവസവും പുറത്തുവരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ ചെറുവിരല്‍ അനക്കുന്നില്ല. മാതൃഭൂമിയും സത്യം ഓണ്‍ലൈനും ഒഴികെയുള്ള മാധ്യമങ്ങളും അനങ്ങുന്നില്ല. മാധ്യമ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കാനും അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.
മുന്നണി ഏതായാലും കാപ്പന്മാരുണ്ട് !
എന്നാല്‍ ഇത്രയും തട്ടിപ്പുകള്‍ അരങ്ങേറിയിട്ടും കോട്ടയത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനത്തിന് കാരണം ബാങ്കിന്‍റെ വായ്പാതട്ടിപ്പ് രേഖകളുടെ ലിസ്റ്റില്‍ നിന്നു തന്നെ വ്യക്തമാണ്.
/sathyam/media/media_files/h5Hg9c04WITI2iL4MSX3.jpg)
മുന്‍ പ്രസിഡന്‍റ് ജോര്‍ജ് സി കാപ്പന്‍ 'പറയുമ്പോള്‍' ഇടത് സഹയാത്രികന്‍, ഒരു കോടി കുടിശിഖയുള്ള സഹോദരന്‍ മാണി സി കാപ്പന്‍ എംഎല്‍എ (സ്ഥലം) യുഡിഎഫ് നേതാവ്, വേറൊരു സഹോദരന്‍ അടുത്തിടെ മറ്റൊരു അന്യ സംസ്ഥാന പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലും എത്തി.
തീര്‍ന്നില്ല, കഴിഞ്ഞ ദിവസം വലവൂര്‍ ബാങ്കിലെ വായ്പാ തട്ടിപ്പിനെതിരെയുള്ള സമരം ഉദ്ഘാടനം ചെയ്ത യുഡിഎഫിന്‍റെ ജില്ലയിലെ പ്രമുഖന് കിഴതടിയൂരിലെത്തുമ്പോള്‍ ഒരു കോടിയാണ് കുടിശിഖ. അതിനാല്‍ കിഴതടിയൂരിനെ അദ്ദേഹം സമരത്തില്‍ നിന്നൊഴിവാക്കി.
ഒരു കോടി കുടിശിഖയുള്ള മറ്റൊരു മുതിര്‍ന്ന ഭരണകക്ഷി നേതാവ് വേറെയുമുണ്ട്. പിന്നെ ഇടതുനേതാക്കള്‍ക്ക് ചില്ലറ സഹായങ്ങള്‍ വേറെയും. ഇങ്ങനെ പോകുന്നു പാലായിലെ തട്ടിപ്പിന്‍റെ ഭരണ - പ്രതിപക്ഷ 'മുന്നണി'.
ഇടതു മുന്നണിയിലെ വേറൊരു ഘടകകക്ഷി നേതാവ് സിബി തോട്ടുപുറത്തിന്‍റെ വായ്പാ കുടിശിഖ 15 കോടി മാത്രം. പിന്നെങ്ങനെ ഭരണ - പ്രതിപക്ഷങ്ങള്‍ കിഴതടിയൂര്‍ ബാങ്കിനെതിരെ സമരത്തിനിറങ്ങും ? എങ്ങനെ അന്വേഷണം ഉണ്ടാകും ?
തട്ടിപ്പിന്‍റെ നേര്‍രേഖയിലുള്ള പലരും ശത്രുക്കള്‍ ആണെങ്കിലും അടുത്തിടെ മുന്നണി മാറിയ കേരള കോണ്‍ഗ്രസ് - എം ഇപ്പോള്‍ കിഴതടിയൂര്‍ ബാങ്കിന്‍റെ പുതിയ ഭരണസമിതിയില്‍ പ്രാതിനിധ്യം നേടിയതോടെ മൗനത്തിലാണ്. ഇതിലെ രാഷ്ട്രീയ നഷ്ടം അവര്‍ക്കാണെങ്കിലും അവരും പ്രതികരിക്കാന്‍ മടിക്കുന്നു. പക്ഷേ കേരള കോണ്‍ഗ്രസ് - എം ഇനിയും മൗനം തുടര്‍ന്നാല്‍ ഈ തട്ടിപ്പുകളുടെ പാപഭാരം ഭാവിയില്‍ അവര്‍ക്കും ബാധ്യതയാകുമെന്നുറപ്പ്.
/sathyam/media/media_files/SX0dOMSKOPa7hRZScDII.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us