വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസി‍ഡന്‍റ് സ്ഥാനത്തു നിന്ന് ഫിലിപ്പ് കുഴികുളത്തെ മാറ്റും. പകരം ടോമി നടയത്ത് വലവൂര്‍ ബാങ്ക് പ്രസിഡ‍ന്‍റാകും

New Update
philip kuzhikulam tomy nadayath

പാലാ: വലവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എം നേതാവ് ടോമി എൻ ജേക്കബ് നടയത്തിനെ നിയമിച്ചേക്കും. വലവൂര്‍ ബാങ്കിന്‍റെ വായ്പാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഭാഗമായി ഫിലിപ്പ് കുഴികുളത്തെ തല്‍ക്കാലം പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്താനാണ് കേരള കോണ്‍ഗ്രസിന്‍റെ എമ്മിന്‍റെ തീരുമാനം. 

Advertisment

മാത്രമല്ല, കേരള ബാങ്ക് ഡയറര്‍ ബോര്‍ഡ് മെമ്പര്‍ കൂടിയായ ഫിലിപ്പിന് മറ്റൊരു പദവികൂടി നല്‍കേണ്ടതില്ലെന്നും തീരുമാനമുണ്ട്. ഇതിന്‍റെ ഭാഗമായി ട്ടാണ് പാനലില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടി വിജയിച്ച ടോമി എൻ ജേക്കബ് നടയത്തിനെ പ്രസിഡന്‍റ്  സ്ഥാനത്തേയ്ക്ക് നിയമിക്കാന്‍ കേരള കോണ്‍ഗ്രസ് എം ആലോചിക്കുന്നത്. 

വലവൂര്‍ ബാങ്കിന്‍റെ ഭരണസമിതിയിലേയ്ക്ക് ഫിലിപ്പ് കുഴികുളം മല്‍സരിക്കുമ്പോള്‍തന്നെ പ്രസിഡന്‍റ് സ്ഥാനം ഉണ്ടാകില്ലെന്ന് പാര്‍ട്ടി സൂചന നല്‍കിയിരുന്നു. അതേസമയം, ബാങ്ക് ഭരണസമിതിയില്‍ അംഗമായില്ലെങ്കില്‍ ഫിലിപ്പ് കുഴികുളത്തിന് കേരള ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം നഷ്ടമാകുന്ന സാഹചര്യവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ബാങ്ക് ഭരണസമിതിയിലേയ്ക്ക് ഫിലിപ്പ് കുഴികുളത്തെ വീണ്ടും മല്‍സരിക്കാന്‍ പാര്‍ട്ടി അനുവദിച്ചത്. 

മൂന്നര പതിറ്റാണ്ട് കാലഘട്ടം വലവൂര്‍ ബാങ്കിനെ നയിച്ച നേതാവാണ് ഫിലിപ്പ് കുഴികുളം. കരൂര്‍ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ ഏറ്റവും പ്രമുഖനായ നേതാവായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ പാലാ നിയോജക മണ്ഡലം പ്രസിഡന്‍റുകൂടിയായ ഫിലിപ്പ് കുഴികുളം. 

ആ സാഹചര്യത്തിലാണ് കഴിഞ്ഞയിടെ നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വായ്പാ ക്രമക്കേടുകളും ബാങ്കിന്‍റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫിലിപ്പിനെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. 

ഇതേ ബാങ്കില്‍ തന്നെ 30 വര്‍ഷത്തെ  അനുഭവജ്ഞാനമുള്ള ടോമി നടയത്തിനെ സാരഥിയാക്കി ബാങ്കിനെ മാസങ്ങള്‍ക്കുള്ളില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനാണ് കേരള കോണ്‍ഗ്രസിന്‍റെ തീരുമാനം. 

ഇത്തവണത്തെ പാനല്‍ തെരഞ്ഞെടുപ്പില്‍ 2935 വോട്ടുകള്‍ നേടി ഫിലിപ്പ് കുഴികുളത്തെക്കാള്‍ ഉയര്‍ന്ന വോട്ടുകള്‍ നേടിയാണ് ടോമി നടയത്ത് വിജയിച്ചിരിക്കുന്നത്.

Advertisment