കാഞ്ഞിരപ്പള്ളി: ഇരുപത്തിയാറാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ മാറി സംസ്കരിച്ച സംഭവത്തില്‍ സംശയങ്ങള്‍ ബാക്കി.
മരണപ്പെട്ട വയോധികരായ രണ്ട് സ്ത്രീകളും തമ്മില്‍ പ്രായത്തിലും രൂപസാദൃശ്യത്തിലും ശരീര ഘടനയിലുമുള്ള സാമ്യമാണ് സ്വന്തം അമ്മയുടേതെന്ന് കരുതി മൃതദേഹം മാറി സംസ്കരിക്കാന്‍ ഇടയാക്കിയതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം.
ജീവിച്ചിരിക്കുന്ന 6 മക്കളും 7 മരുമക്കളുമുള്ള ചെറുവള്ളി കാവുംഭാഗം കമലാക്ഷി എന്ന 89 കാരിയുടെ മൃതദേഹമെന്ന് കരുതിയാണ് ശോശാമ്മയുടെ മൃതദേഹം ബന്ധുക്കള്‍ അശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് ആചാരപ്രകാരം കുളിപ്പിച്ച് ദഹിപ്പിച്ചത്.
മൃതദേഹം കുളിപ്പിച്ചപ്പോള്‍ പോലും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ആള്‍ മാറിപ്പോയെന്ന സംശയം ഉണ്ടായില്ലെന്നതാണ് ഖേദകരം. കമലാക്ഷി എന്നുകരുതി മുണ്ടക്കയം ചോറ്റി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് ഹൈന്ദവാചാരപ്രകാരം കമലാക്ഷിയുടെ ബന്ധുക്കള്‍ സംസ്കരിച്ചത്.
ശോശാമ്മയ്ക്ക് പ്രായത്തിലും രൂപത്തിലും ശരീര ഘടനയിലും കമലാക്ഷിയുമായുണ്ടായിരുന്ന സാമ്യമാണ് ബന്ധുക്കള്‍ക്ക് വിനയായത്. ശരീരത്തിന്‍റെ കളറില്‍ വ്യത്യാസം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്ക് മനസിലായെങ്കിലും അത് മൃതദേഹം മോര്‍ച്ചറിയില്‍ ഇരുന്നപ്പോള്‍ സംഭവിച്ചതാണെന്ന് ഇവര്‍ കരുതി.
ശോശാമ്മയുടെ മൃതദേഹം എടുക്കുന്നതിനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയ കാര്യം അറിയുന്നത്. അക്കാര്യത്തില്‍ മേരി ക്വീന്‍സ് ആശുപത്രിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്.
മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കുമ്പോള്‍ ഓരോ ബോക്സിലും മരിച്ചയാളുടെ പേരും വീട്ടുപേരും പ്രായവും അടങ്ങുന്ന സ്ലിപ്പ് പതിക്കാറുണ്ട്. ഈ സ്ലിപ്പിന്‍റെ നമ്പര്‍ രേഖപ്പെടുത്തിയ കാര്‍ഡുമായി വരുന്നവര്‍ക്കാണ് മോര്‍ച്ചറിയില്‍ നിന്നും ബോഡി വിട്ടുനല്‍കുക.
അങ്ങനെയുള്ളിടത്താണ് ആശുപത്രിക്ക് പിഴവ് സംഭവിച്ചത്. മാറി സംസ്കാരം നടത്തിയ ശോശാമ്മയ്ക്ക് 86 വയസും കമലാക്ഷിക്ക് 89 വയസുമായിരുന്നു പ്രായം.
ശോശാമ്മയുടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയതോടെ കാഞ്ഞിരപ്പള്ളി പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ സംസ്കാര ചടങ്ങുകള്‍ ഇരു ബന്ധുക്കളും വീണ്ടും നടത്താന്‍ ധാരണയായി.
കമലാക്ഷി എന്നുകരുതി ദഹിപ്പിച്ച ശോശാമ്മയുടെ മൃതദേഹത്തിന്‍റെ ചിതാഭസ്മം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആചാരപ്രകാരം കൂട്ടിക്കല്‍ സെന്‍റ് ലൂക്സ് സിഎസ്ഐ പള്ളിയില്‍ സംസ്കരിക്കാനാണ് തീരുമാനിച്ചത്. പകരം കമലാക്ഷിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീണ്ടും സംസ്കാര ചടങ്ങുകള്‍ നടത്തും.