ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്കിൽ 800 ഓളം പേർക്ക് ക്രമവിരുദ്ധമായി അംഗത്വം നൽകി; ഗുരുതര ആരോപണവുമായി ഭരണസമതി അംഗങ്ങൾ

New Update
bharanganam service cooperative bank

ഭരണങ്ങാനം: ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി 800 ഓളം പേരെ ക്രമവിരുദ്ധമായി വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി ഭരണസമിതി അംഗങ്ങൾ രംഗത്ത്. ഒക്ടോബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് നടത്തുവാൻ ഇലക്ഷൻ കമ്മീഷൻ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

Advertisment

കഴിഞ്ഞ ജൂലൈ മാസം ഇരുപതാം തീയതി ചേർന്ന ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സ് മന:പൂർവ്വം പൂർത്തീകരിക്കാതെ തുടർ ദിവസങ്ങളിൽ കൂട്ടത്തോടെ വേണ്ടപ്പെട്ടവർക്ക് അംഗത്വം നൽകിയ ബാങ്ക്ഭരണ നേതൃത്വത്തിന്റെ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഓഗസ്റ്റ് ഒന്നാം തീയതി ഭരണങ്ങാനം യൂണിറ്റ് ഇൻസ്പെക്ടർ ബാങ്കിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ഭരണസമിതി യോഗത്തിന്റെ മിനിറ്റ്സിൽ പ്രസിഡണ്ടോ ഭരണസമിതി അംഗങ്ങളോ ഒപ്പ് വച്ചിട്ടില്ലന്നും നിർബാധം പുതിയ അംഗങ്ങളെ ചേർത്തു കൊണ്ടിരിക്കുകയാണന്നും ശ്രദ്ധയിൽപ്പെട്ടത്.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ യൂണിറ്റ് ഇൻസ്പെക്ടർ മിനിറ്റ്സ് ബുക്ക് ക്ലോസ് ചെയ്യുകയും അസിസ്റ്റൻറ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. അദ്ദേഹം മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിലും ഇക്കാര്യം ബോധ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇലക്ഷന് തൊട്ടുമുമ്പ് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി ബാങ്കിൻറെ പ്രവർത്തന പരിധിക്ക് പുറത്തുള്ളവരെ ഉൾപ്പെടെ വോട്ടേഴ്സ് ലിസ്റ്റിൽ തിരുകി കയറ്റിയ നടപടി അംഗീകരിക്കാനാവില്ലന്നും, ഇതിനെതിരെ ഇലക്ട്രൽ ഓഫീസർക്ക് പരാതി നൽകിയിട്ടുള്ളതായും ദീർഘകാലം ബാങ്ക് പ്രസിഡണ്ടും നിലവിലെ ഭരണസമിതി അംഗവുമായ റ്റി. കെ ഫ്രാൻസിസ് തുമ്മിനിക്കുന്നേൽ, ഭരണസമിതി അംഗങ്ങളായ മജു ജോസഫ് പാട്ടത്തിൽ, വി എസ് സെബാസ്റ്റ്യൻ വടക്കേപൂണ്ടികുളം എന്നിവർ പറഞ്ഞു.

Advertisment