കോട്ടയത്ത് ഉടമ അറിയാതെ വാഹനം പണയം വെച്ച് പണം തട്ടിയ കേസ്; രണ്ടുപേർ അറസ്റ്റിൽ
പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ, പനച്ചിക്കാട് കുഴിമറ്റം സദനം കവലയിൽ പണയിൽ വീട്ടിൽ ജിഷ്ണു എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം: കോട്ടയം വാകത്താനത്ത് ഉടമ അറിയാതെ വാഹനം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട് ആലപ്പാട്ട് വീട്ടിൽ ഷിനു കൊച്ചുമോൻ, പനച്ചിക്കാട് കുഴിമറ്റം സദനം കവലയിൽ പണയിൽ വീട്ടിൽ ജിഷ്ണു എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 24 നാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ ഷിനു കൊച്ചുമോനാണ് വീട്ടുകാരുമായി യാത്ര പോകുന്നതിനു വേണ്ടി സുഹൃത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ഇന്നോവ കാർ വാങ്ങിയെടുത്തത്. അതിനുശേഷം, ഷിനുവും ഇയാളുടെ സുഹൃത്തായ ജിഷ്ണുവുമായി ചേർന്ന് വാഹനം പുളിക്കൽ കവല സ്വദേശിക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് പണയപ്പെടുത്തി. തുടർന്ന് വാഹനം തിരികെ നൽകാതെ കബളിപ്പിച്ചു നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ നെടുമങ്ങാട് നിന്നും പിടികൂടിയത്.
ഷിനു കൊച്ചുമോന്റെ പേരിൽ കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ചിങ്ങവനം, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലും, ജിഷ്ണുവിന് കോട്ടയം ഈസ്റ്റ്, ചിങ്ങവനം, മുണ്ടക്കയം എന്നീ സ്റ്റേഷനുകളിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ മാരായ തോമസ് ജോസഫ്, സുനിൽ കെ.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.