/sathyam/media/media_files/6azjkZt6uOaOgq04PtmN.jpg)
പാലാ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പരമ്പരാഗത തൊഴിൽ എടുക്കുന്നവർക്കുള്ള പി എം വിശ്വകർമ്മ പദ്ധതി സ്വാഗതാർഹമെന്ന് ബിഎംഎസ് സംസ്ഥാന സമിതി അംഗം വി. എസ് പ്രസാദ്. സാധാരണ തൊഴിലാളികളുടെ ക്ഷേമ പെൻഷനുകൾ വെട്ടിക്കുറച്ചും, അടിക്കടിയുള്ള വിലക്കയറ്റത്തിലൂടെയും ജനദ്രോഹ നടപടികൾ തുടരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെയുള്ള ഒരു മധുര പ്രതികാരമാണ് പി എം വിശ്വകർമ്മ പദ്ധതി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 17 വിശ്വകർമ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബിഎംഎസ് പാലാ, പൂഞ്ഞാർ മേഖലകളുടെ ആഭിമുഖ്യത്തിൽ പാലാ കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
തുടർന്ന് ളാലം പാലം ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് കെ. എസ് ശിവദാസൻ അധ്യക്ഷത വഹിച്ചു. എൻ ജി ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എസ് ഹരികുമാർ, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.രതീഷ്, ശങ്കരൻകുട്ടി നിലപ്പന, ശുഭ സുന്ദർരാജ്, എം.ആർ.ബിനു, കെ.ആർ.സുനിൽകുമാർ, പി.കെ.സാജു, സുഹാദിയ, ജോജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.