/sathyam/media/media_files/9m5ruisbFbOPkclMVklh.jpg)
വൈക്കം: കണ്ടുകൊണ്ടിരുന്ന ടിവി പൊട്ടിത്തെറിച്ചു. ഇതിൽ നിന്നും ഉണ്ടായ തീയിൽ ടിവി വച്ചിരുന്ന മേശയും വീടിന്റെ ജനലും കത്തി നശിച്ചു. ഹോട്ടൽ തൊഴിലാളിയായ ഉല്ലല തലയാഴം പഞ്ചായത്ത് 14-ാം വാർഡിൽ മണമേൽത്തറ ഉണ്ണിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്.
ഇന്നലെ വൈകുന്നേരം 7.10ഓടെയാണ് സംഭവം. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇടയ്ക്ക് ഇടയ്ക്കു കറന്റ് പോയി വരുന്നതിനിടെയാണ് ടിവി പൊട്ടിത്തെറിച്ചത്.
ഉടൻ തിയും ആളി കത്തി. വീട്ടുകാരുടെ അലർച്ച കേട്ട് പ്രദേശവാസികൾ ഓടിയെത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ച ശേഷം വെള്ളം ഒഴിച്ച് തീ അണയ്ക്കുകയായിരുന്നു.
വൈക്കത്തു നിന്നും സീനിയർ ഫയർ ഓഫിസർ വി.മനോജിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തൊട്ടടുത്ത മുറിയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഇതിലേക്കു തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഏകദേശം 50,000രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.