മലപ്പുറത്തെ ഇപ്പോഴത്തെ കലഹത്തിന് പിന്നിൽ നിലമ്പൂർ സീറ്റ്? 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സീറ്റിനായി ഇപ്പോഴേ അടി തുടങ്ങി ! ആര്യാടൻ ഷൗക്കത്തിനെതിരെ തിടുക്കത്തിൽ നടപടിയുണ്ടാകില്ല. അനുനയ നീക്കം സജീവം ! ഷൗക്കത്തിന് പൊന്നാനി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്ത് പുറത്തെത്തിക്കാൻ സിപിഎമ്മും. പൊതു സ്വതന്ത്രനാക്കാൻ നീക്കം !

New Update
aryadan

കോഴിക്കോട്: മലപ്പുറത്ത് കോൺഗ്രസിൽ അനുനയ നീക്കവുമായി കെപിസിസി. പാർട്ടി വിലക്ക് ലംഘിച്ച് പാലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ തിടുക്കത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകില്ല.

Advertisment

അച്ചടക്ക സമിതി വിഷയം പരിഗണിക്കുന്നതിനിടെ സമവായ ശ്രമങ്ങൾ നടത്താനാണ് നേതൃത്വത്തിന്റെ ശ്രമം. ഇതിനായി മുതിർന്ന നേതാക്കൾ നീക്കം തുടങ്ങിയിട്ടുണ്ട്.

ഒരാഴ്ചത്തേക്ക് പാർട്ടിയുടെ ഔദ്യോഗിക പരിപടികളിൽ നിന്നും ഷൗക്കത്തിന് വിലക്കുണ്ട്. സംഭവത്തിൽ ഷൗക്കത്തിനോട് വിശദീകരണവും കെപിസിസി തേടിയിട്ടുണ്ട്.

നിലവിലെ മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിന് പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയ കൂടിയതെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം ഇതല്ലെന്നാണ് വിവരം. 2026ൽ നിലമ്പൂർ സീറ്റിൽ മത്സരിക്കുന്നതാണ് യഥാർത്ഥ പ്രശ്നമെന്നാണ് നേതാക്കൾ അടക്കം പറയുന്നത്.

aryadan

2016ൽ ആര്യാടൻ ഷൗക്കത്തിന് നിലമ്പൂർ കിട്ടിയെങ്കിലും 11504 വോട്ടിനാണ് പരാജയപ്പെട്ടത്. 2021ൽ  ഷൗക്കത്തിന് പകരം വി വി പ്രകാശിന് സീറ്റ് ലഭിച്ചു.വി വി പ്രകാശ് തോറ്റത് 2700 വോട്ടിന് മാത്രമായിരുന്നു. തോൽവിയിൽ എ വിഭാഗത്തിന് പങ്കുണ്ടെന്ന ആക്ഷേപം അന്ന് തന്നെ ഉയർന്നിരുന്നു.

ഒരിക്കൽ കൂടി നിലമ്പൂർ സീറ്റ് കിട്ടണമെന്ന് ആര്യാടൻ ഷൗക്കത്ത് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നിലവിലെ ഡിസിസി പ്രസിഡന്റ് വി എസ് ജോയി നിലമ്പൂർ ആഗ്രഹിക്കുന്നുണ്ട്.

നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കാര്യങ്ങൾ ജോയിക്ക് അനുകൂലമാക്കുനുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ യഥാർത്ഥ കാരണമെന്നും വിലയിരുത്തലുണ്ട്. 

അതിനിടെ ആര്യാടൻ ഷൗക്കത്തിനെ പാർട്ടിക്ക് പുറത്തെത്തിക്കാൻ സിപിഎമ്മും നീക്കം സജീവമാക്കി. കോൺഗ്രസ് വിട്ട് പുറത്തു വന്നാൽ സംരക്ഷിക്കാമെന്നാണ് വാഗ്ദാനം.

പൊന്നാനി ലോക്സഭാ സീറ്റിൽ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നും വാഗ്ദാനം ഉള്ളതായാണ് സൂചന. കഴിഞ്ഞ ദിവസം ആര്യാടൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഡ്യ റാലിയിലെ ആൾക്കൂട്ടമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ചത്.

Advertisment