/sathyam/media/media_files/i7PDV6Tnj3mJTY3MJqIH.jpg)
കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രൂപീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വീണ്ടും കെ മുരളീധരന്‍ എംപി. പരാതികളില്ലായെന്ന് പറയുന്നില്ല. എന്നാല്‍ സ്ഥിരം പരാതിക്കാരനാകാനില്ല. ഇനി പരാതി പറയുന്നില്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി രൂപീകരണത്തിലെ പരാതികള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും വിഴുപ്പലക്കാനില്ലെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തോടും കെ മുരളീധരന്‍ പ്രതികരിച്ചു.
'വിഴുപ്പലക്കുകയെന്ന പ്രയോഗത്തോട് യോജിപ്പില്ല. വിഴുപ്പ് അലക്കിയാലല്ലേ പിന്നേയും ഉപയോഗിക്കാനാവൂ. മാലിന്യം കളയാനാണ് വിഴുപ്പ് അലക്കുന്നത്. വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമായ തുണി ആയിട്ട് അതിനെ മാറ്റണം. അതാണ് എന്റെ നിലപാട്.
അലക്കി ശുദ്ധീകരിക്കുകയെന്ന നയമാണ് എനിക്ക് എല്ലാക്കാലത്തും. എല്ലാക്കാലത്തും ഹൈക്കമാന്‍ഡിന് കീഴടങ്ങിയ നേതാക്കളാണ് ഞങ്ങള്‍. ഹൈക്കമാന്‍ഡാണ് സുപ്രീം. ആര് പറഞ്ഞാലും അനുസരിക്കില്ലായെന്ന് പറഞ്ഞാല്‍ പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ല.
അങ്ങനെ പാര്‍ട്ടി കൊണ്ടുപോകാനാകില്ല. ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കും. പ്രയാസങ്ങള്‍ ചിലപ്പോള്‍ പറഞ്ഞൂന്ന് വരും.' കെ മുരളീധരന്‍ പറഞ്ഞു.
മത്സര രംഗത്തേക്ക് ഇല്ലായെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. പുതുപ്പള്ളി വിജയത്തില്‍ ക്രെഡിറ്റ് യുഡിഎഫിനാണ്. ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹത്തിനാണ് ക്രെഡിറ്റ്. നല്ല ടീം വര്‍ക്കായിരുന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ നല്ല രീതിയില്‍ നേതൃത്വം കൊടുത്തു. രമേശ് ചെന്നിത്തല ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്തി. യുഡിഎഫ് ഒറ്റക്കെട്ടായതിനാല്‍ ജനം വോട്ട് ചെയ്തുവെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us