/sathyam/media/media_files/J7DtEPyO6DX8VP1HM6kJ.jpg)
കോഴിക്കോട്: ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോണ്‍ഗ്രസ് നിലപാട് മ്ലേച്ഛമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഐഎന്‍ഡിഐഎ മുന്നണിയുടെ തമിഴ്‌നാട്ടിലെ മന്ത്രിക്കെതിരെ രാജ്യ വ്യാപകമായ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ഡിഐഎ മുന്നണിയില്‍ തന്നെ എതിര്‍പ്പുണ്ടാകുമ്പോഴും കോണ്‍ഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണ്. കെ.സി. വേണുഗോപാല്‍, സ്റ്റാലിന്റെ പരാമര്‍ശം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണ്.
മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോണ്‍ഗ്രസ് രാഹുലിന്റെ കോണ്‍ഗ്രസായി മാറിക്കഴിഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. സിപിഎം എല്ലാക്കാലത്തും സനാതന ധര്‍മ്മത്തിനെതിരാണ്. എന്നാല്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സനാതന ധര്‍മ്മ വിരുദ്ധതയെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം.
മതനിരപേക്ഷ പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഭൂരിപക്ഷ വിഭാഗങ്ങളെ ഉന്‍മൂലനം ചെയ്യുമെന്ന പ്രസ്താവനയെ എതിര്‍ക്കാത്തതെന്ന് മനസിലാകുന്നില്ല. മമത ബാനര്‍ജി, സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്തു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും രാഷ്ട്രീയം പറയാനില്ലായിരുന്നു. മുഖ്യമന്ത്രി നാല് തവണ വന്നിട്ടും തനിക്കും കുടുംബത്തിനുമെതിരെ മാസപ്പടി ഉള്‍പ്പെടെ ഉയര്‍ന്ന ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ല.
വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് ആവട്ടെ ഉമ്മന്‍ ചാണ്ടിയെ പറ്റി പറയരുതെന്നാണ് പറഞ്ഞത്. അരാഷ്ട്രീയമായ തിരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമം നടന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരന്‍ എ.സി. മൊയ്തീനാണ്. തട്ടിയെടുത്ത പണം പോയത് സിപിഎം നേതാക്കളിലേക്ക് തന്നെയാണ്.
സഹകരണ ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ബിജെപി സഹകരണ അദാലത്തുകള്‍ നടത്തുകയാണ്. എല്ലാ സഹകരണ തട്ടിപ്പുകള്‍ക്കുമെതിരെ ബിജെപി പ്രതിഷേധിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us