Advertisment

മാതാപിതാക്കളുടെ ധന്യസ്മരണയ്ക്കായി അനാഥ മന്ദിര സമാജത്തിന് കൈത്താങ്ങായി അഭിഭാഷക ശ്രേഷ്ഠൻ

charity westhill orphanage

അഡ്വ. വി എസ് നാരായണൻ വെസ്റ്റ് ഹിൽ  അനാഥ മന്ദിരത്തിന് സംഭാവന നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സെക്രട്ടറി സുധീഷ് കേശവപുരി ഏറ്റ് വാങ്ങുന്നു. സമീപം ഷനു ബ് താമരക്കുളം അഡ്വ എം രാജൻ എന്നിവർ

കോഴിക്കോട്: മാതാപിതാക്കളുടെ ധന്യസ്മരണയ്ക്കായി അനാഥ മന്ദിര സമാജത്തിന് കൈത്താങ്ങായി അഭിഭാഷക ശ്രേഷ്ഠൻ. സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്ക് തള്ളി വിടുന്ന ആധുനീക കാലത്ത് സമൂഹത്തിന് മാതൃകയാവുകയാണ് കോഴിക്കോട്ട് ഗോവിന്ദപുരത്ത് സ്വവസതിയിൽ വിശ്രമ ജീവിതം നയിക്കുന്ന പ്രമുഖ സീനിയർ അഭിഭാഷകനായ അഡ്വ. വി എസ് നാരായണൻ.

തന്റെ വിശ്വാസ പ്രകാരമുള്ള പഞ്ചമഹായജ്ഞങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ പിതൃയജ്ഞത്തിന്റെ ഭാഗമായി അച്ഛനമ്മമാരുടെ മരണത്തിനു ശേഷം ഇതു വരെയും എല്ലാ വർഷവും മുടങ്ങാതെ കൃത്യമായി വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ രണ്ട് പേരുടെയും ശ്രാദ്ധ ദിനത്തിൽ അന്നദാനം നടത്താറുള്ള അഡ്വ. നാരായണൻ തന്റെ മരണശേഷവും അത് മുടങ്ങാതിരിക്കുന്നതിന് വേണ്ടിയാണ് തന്റെ മാതാപിതാക്കളായ വിഎസ് ശിവരാമ അയ്യരുടെയും എസ് രേണുകാദേവിയുടെയും ഓർമക്കായി വർഷംതോറും അന്നദാനം നൽകുന്നതിനു എൻഡോവ്മെന്റായി രണ്ട് ലക്ഷം രൂപയും അനാഥ മന്ദിരത്തിലെ വികസന പ്രവർത്തനങ്ങൾക്കായി മൂന്നു ലക്ഷം രൂപയും ഉൾപ്പെടെ അഞ്ച് ലക്ഷം രൂപ സംഭാവനയായി നൽകിയത്.

അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് അനാഥ മന്ദിരസമാജം സെക്രട്ടറി സുധീഷ് കേശവപുരി തുക ഏറ്റ് വാങ്ങി. സമൂഹത്തിന്റെ സംതുലിതാവസ്ഥ നിലനിർത്തുന്നത് നാരായണൻ സാറിനെ പോലുള്ള മനുഷ്യ സ്നേഹികളാണെന്നും അനാഥ മന്ദിരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനോടനുബന്ധിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കും അന്നദാനത്തിനും പണം സമർപ്പിക്കാൻ കാണിച്ച സൗമനസ്യം മാതൃകാപരമാണെന്നും സെക്രട്ടറി സുധീഷ് കേശ വപുരി പറഞ്ഞു. സമാജം പ്രസിഡന്റ് ഷനൂപ് താമരക്കുളം, വൈസ് പ്രസിഡന്റ് അഡ്വ.എം രാജൻ എന്നിവർ സംബന്ധിച്ചു.

Advertisment