മാലിന്യമുക്ത നവകേരളം: 18 ഇന കർമ്മ പരിപാടികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്

New Update
malinyamuktham navakeralam

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രശുചീകരണ പ്രവർത്തനങ്ങളുമായി തദ്ദേശസ്വയംഭരണം വകുപ്പ്. ഒക്ടോബർ രണ്ട് മുതൽ നടപ്പാക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 18 ഇന കർമ്മ പരിപാടികൾക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് നവകേരളം മിഷനും ശുചിത്വ മിഷനും ജില്ല ഭരണകൂടവുമായി ചേർന്നാണ് ഇവ നടപ്പിലാക്കുക.

Advertisment

തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്‌സന്മാർ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ എന്നിവരുടെ ഓൺലൈൻ യോഗത്തിൽ ഇതിന്റെ വിശദമായ രൂപരേഖ തയ്യാറാക്കി. ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൂറു ശതമാനം മാലിന്യ സംസ്‌കരണം ഒക്ടോബർ ആദ്യവാരം തന്നെ ഉറപ്പാക്കും. 'ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം' പരിപാടിയുടെ ഭാഗമായി വിദ്യലയങ്ങൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നക്ഷത്ര പദവി നൽകി ആദരിക്കും.

വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാൻ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക് ഹരിത സർട്ടിഫിക്കെഷനും ഗ്രേഡിംഗും നൽകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പ് വരുത്തും. കോഴി അറവു മാലിന്യം വലിച്ചെറിയൽ പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എല്ലാ ഇറച്ചി വിൽപ്പന കേന്ദ്രങ്ങളും ചിക്കൻ റെന്ററിംഗ് പ്ലാന്റുകളുമായി കരാർ ഉണ്ടാക്കുന്നത് ഉറപ്പ് വരുത്തും.

പൊതു ഇടങ്ങളിൽ മാലിന്യ നിക്ഷേപം തടയാൻ മുന്നറിയിപ്പ് ബോർഡുകൾ വെക്കും. അവ പൂന്തോട്ടമായി മാറ്റും. സിസിടിവി നിരീക്ഷണം ഏർപ്പെടുത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ എല്ലാമാസവും മാലിന്യം ഹരിതകർമ്മസേനക്ക് കൈമാറുന്നുവെന്ന സ്വയം സാക്ഷ്യപത്രം നൽകും. ജലാശയങ്ങളിൽ മാലിന്യം തള്ളൽ തടയുക, മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം നൽകുക, കുറ്റക്കാർക്കെതിരെ കർശന നടപടികൾ എന്നിവയും നടപ്പാക്കും. കമ്യൂണിറ്റി കമ്പോസ്റ്റ്, എംസിഎഫ്, എംആർഎഫ് എന്നിവ ഉറപ്പ് വരുത്തും.

പദ്ധതിയുടെ ജനകീയ അവലോകനത്തിനായി കുട്ടികളുടെ ഹരിത വാർഡ്‌സഭ നവംബർ 14ന് സംഘടിപ്പിക്കും. എല്ലാ നഗര സഭകളിലും സാനിറ്ററി നാപ്കിൻ നശിപ്പിക്കാനുള്ള സംവിധാനം ഉറപ്പുവരുത്തും. ഇത്തരം മാലിന്യം ഹരിത കർമ്മ സേന വഴി ശേഖരിക്കാനുള്ള നടപടികളും ഉണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളിൽ 'എന്റെ വാർഡ് നൂറിൽ നൂറ്' പദ്ധതി നടപ്പിലാക്കുന്നതോടെ മാലിന്യ സംസ്‌കരണ പദ്ധതിക്ക് പുത്തൻ ഉണർവേകും.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഈ പ്രവൃത്തികൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ഖരമാലിന്യ ചട്ടം 2016 പ്രകാരമുള്ള പ്രവർത്തങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്താൻ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ കർമ്മ പദ്ധതി വിഭാവനം ചെയ്യുന്നു.

യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. എസ് ഷിനോ അധ്യക്ഷത വഹിച്ചു. നവ കേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ്, മാലിന്യ മുക്തം നവകേരളം ജില്ലാ കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ  ജില്ലാ കോർഡിനേറ്റർ എം. കെ ഗൗതമൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ പൂജലാൽ എന്നിവർ സംസാരിച്ചു.

Advertisment