ഒക്ടോബർ 2 ആചാരസംരക്ഷണ ദിനമായി ആചരിക്കും - ശബരിമല അയ്യപ്പ സേവാ സമാജം

New Update
sass

കോഴിക്കോട്: 2018 സെപ്റ്റംബർ 28-നു യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന്, അടുത്ത് എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥയിലേക്ക് എത്തിയ കോടാനുകോടി അയ്യപ്പ ഭക്തജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിച്ച ഒക്ടോബർ 2- നെ ആചാരസംരക്ഷണ ദിനമായി ആഘോഷിക്കാൻ ശബരിമല അയ്യപ്പസേവാ സമാജം തീരുമാനിച്ചതായി, ആ സംഘടനയുടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ജനറൽ സെക്രട്ടറി എം.കെ.അരവിന്ദാക്ഷൻ അറിയിച്ചു. 

Advertisment

കേരള ചരിത്രത്തിൽ സ്വർണ ലിപികളിൽ എഴുതി ചേർക്കേണ്ട ഒരു സുദിനമാണ് അത്. മണികണ്ഠസ്വാമി കളിച്ചു വളർന്ന പന്തളത്തെ തെരുവുകളിൽ ഇതിനു മുൻപ് ഒരിക്കലും കേരളം കാണാതിരുന്ന ചരിത്ര സംഭവമായിരുന്നു അരങ്ങേറിയത്. പതിനായിരക്കണക്കിന് മഹിളകൾ ആചാര സംരക്ഷണത്തിന് വേണ്ടി പോരാടാൻ തയ്യാറാണെന്ന് പ്രതിജ്ഞ എടുത്തു കൊണ്ട് സ്വയം മുന്നോട്ടിറങ്ങി വന്ന കാഴ്ച ലോകം മുഴുവനുമുള്ള അയ്യപ്പ വിശ്വാസികളെ ആനന്ദ നിർവൃതിയിൽ ആറാടിച്ചു. ശബരിമല അയ്യപ്പ സേവാ സമാജം ഭാരവാഹികളും ഉന്നതരായ ഹൈന്ദവ സംഘടനാ നേതാക്കളെ കണ്ടു കാര്യങ്ങൾ അതിനു മുൻപ് തന്നെ ബോധിപ്പിച്ചിരുന്നു. 

ആചാര സംരക്ഷണ ദിനത്തോടനുബന്ധിച്ചു, കേരളത്തിലും തമിഴ് നാട്ടിലും, അയ്യപ്പസേവാ സമാജത്തിന്റെ അയ്യപ്പ യോഗങ്ങൾ നടന്നു വരുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേക പൂജയും, ശബരിമാതാ സമ്മേളനം എന്ന പേരിൽ മഹിളകൾ പങ്കെടുക്കുന്ന യോഗങ്ങളും സംഘടിപ്പിക്കും. സനാതന ധർമ്മത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നടക്കും. അതാതു പ്രദേശത്തുള്ള സന്യാസിമാരെയും ഗുരുസ്വാമികളെയും കൂടി ഇതിൽ പങ്കെടുപ്പിക്കും.

ഇന്ന് ലോകജനത അഭിമുഖീകരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കും ഉള്ള ഏക പരിഹാരമാണ് അയ്യപ്പ ധർമ്മം. ഈ വിഷയം  "മാനുഷർക്കമൃതാണീ അയ്യപ്പ ധർമ്മം" എന്ന ശീർഷകത്തിൽ ലഘുലേഖ അച്ചടിച്ച് വിതരണം ചെയ്ത് പ്രചരിപ്പിക്കാനും പദ്ധതികൾ രൂപീകരിക്കും. മറ്റു ഹൈന്ദവ സംഘടനകളെയും മഹിളാ പ്രസ്ഥാനങ്ങളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും അരവിന്ദാക്ഷൻ അറിയിച്ചു.

Advertisment