എലിപ്പനി: പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

author-image
ഇ.എം റഷീദ്
New Update
leptospirosis

കോഴിക്കോട്: ജില്ലയിൽ എലിപ്പനി വ്യാപിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതോടെ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്. തുടർച്ചയായ ദിവസങ്ങളിൽ ജില്ലയിൽ എലിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്നവരും നിരവധിയാണ്. 

Advertisment

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാ മെഡിക്കൽ ഓഫീസർ കെ. കെ രാജാറാമിന്റെ നേതൃത്വത്തിൽ ഇന്റ്റർ സെക്ടറൽ യോഗം ചേർന്നു. 

എലിപ്പനി ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, എലിപ്പനി ഹോട്ട്സ്‌പോട്ട് ഏരിയകൾ, എലിപ്പനി രോഗലക്ഷണങ്ങൾ, എലിപ്പനി കൂടുതലായി കണ്ടുവരുന്നവർ, പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് വിശകലനം നടത്തി.

പാടത്തും പറമ്പിലും ജോലി ചെയ്യുന്നവർ, തൊഴിലുറപ്പു ജോലിക്കാർ, പെയിന്റിംഗ് ജോലിക്കാർ, ബാർബർ ജോലിക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവരിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 

യോഗത്തിൽ ജില്ലാ സർവയലൻസ് ഓഫീസർ, മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥർ, ഇതര വകുപ്പ് പ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. 

എലിപ്പനി രോഗലക്ഷണങ്ങളായ പനി, ശരീര വേദന, കണ്ണുകൾക്കു ചുവപ്പു നിറം, തലവേദന, ഛർദി എന്നിവയിലേതെങ്കിലും കണ്ടാൽ വിദഗ്ദ്ധ ചികിത്സ തേടുക. എലിപ്പനി യിൽ നിന്ന് രക്ഷനേടുന്നതിന് ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. 

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണ സാധനങ്ങൾ തുറന്നു വയ്ക്കരുത്. വീടുകളിൽ എലി പെരുകുന്ന സാഹചര്യം ഒഴിവാക്കുക. മാലിന്യ വസ്തുക്കൾ ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക. എലികളുടെ മൂത്രം കലർന്ന വെള്ളം, മണ്ണ്, മറ്റു വസ്തുക്കൾ എന്നിവിടങ്ങളിൽ നിന്നും എലിപ്പനി പകരുന്നതിനാൽ ഇവയുമായുള്ള സമ്പർക്കം ഒഴിവാക്കുക. വളർത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി ശുചിത്വം പാലിക്കുക. 

മലിനമായ കുളങ്ങൾ, തോടുകൾ, കനാലുകൾ, മറ്റു ജല സ്രോതസുകൾ എന്നിവിടങ്ങളിൽ ഇറങ്ങാതിരിക്കുക. വീടുകൾക്കു പുറത്തു യാത്ര ചെയ്തവർ വീട്ടിൽ തിരിച്ചെത്തുമ്പോൾ സോപ്പുപയോഗിച്ചു കൈകാലുകൾ കഴുകുന്നത് നല്ലതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Advertisment