/sathyam/media/media_files/NySwWyOuMP4vZCZblddy.jpg)
കോഴിക്കോട്: നഗരത്തിലെ ഏക ഫയർസ്റ്റേഷൻ ആയ ബീച്ച് അഗ്നിരക്ഷാനിലയ കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ മൂലം അവിടുത്തെ ജീവനക്കാരെയും വാഹനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ മീഞ്ചന്ത, വെള്ളിമാടുകുന്ന്, കൊയിലാണ്ടി അഗ്നിരക്ഷാ നിലയങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും വിവിധ സംഘടന ഭാരവാഹികളുടെയും അടിയന്തര സംയുക്ത യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
2007ൽ മൊയ്തീൻപള്ളി റോഡിലെ പടക്ക പീടികയിലെ തീപിടുത്ത പാശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച അന്നത്തെ വകുപ്പ് മന്ത്രി പാളയം സ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷൻ പരിസരത്തോ 24 മണിക്കൂറും പ്രവർത്തിക്കുന്ന മറ്റൊരു ഫയർ ഫൈറ്റിംഗ് യൂണിറ്റ് സ്ഥാപിക്കാം എന്ന് ഉറപ്പുനൽകിയിരുന്നു. തീപിടുത്ത വേളയിൽ മാത്രമല്ല മറ്റുള്ള അപകട വേളകളിലെല്ലാം ഫയർഫോഴ്സിന്റെ സേവനം അനിവാര്യമാണ്.
ബീച്ച് നിലയത്തിലെ പരിധിക്കുള്ളിലെ മിഠായിത്തെരുവ്, മൊയ്തീൻ പള്ളി റോഡ്, ബീച്ച്( ബീച്ച് ആശുപത്രി), വലിയങ്ങാടി, ജി എച്ച് റോഡ് (കോട്ടപ്പറമ്പ് ആശുപത്രി), പാളയം, റെയിൽവേ സ്റ്റേഷൻ, ലിങ്ക് റോഡ്, അടക്കമുള്ള സ്ഥലങ്ങളിൽ പ്രയോജനപ്പെട്ടിരുന്ന ഫയർ സ്റ്റേഷനാണ് നിർത്തലാക്കുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലം തീപിടുത്തങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ള ഈ വേളയിൽ മുൻകരുതൽ എന്ന നിലയിൽ ബീച്ചിലെ അഗ്നിരക്ഷാനിലയം നഗരത്തിൽ തന്നെ ലിങ്ക് റോഡ്, സ്റ്റേഡിയം പരിസരം, പുതിയപാലം, മാനാഞ്ചിറ പരിസരത്ത് ( കോംട്രസ്റ്റ് ബിൽഡിംഗ്), ബാങ്ക് റോഡിൽ ഒഴിഞ്ഞു കിടക്കുന്ന കുടുംബശ്രീ കോംപ്ലക്സിലോ അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
നഗരത്തിൽ തന്നെ അനുയോജ്യമായ ധാരാളം കെട്ടിടങ്ങൾ സർക്കാർ, അർദ്ധസർക്കാർ, ജില്ലാ ഭരണകൂടം, സ്വകാര്യ ഉടമസ്ഥയിൽ ഉണ്ടെന്ന് യോഗം ചൂണ്ടിക്കാണിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിർദ്ദേശിച്ച പ്രകാരം താത്കാലികമായി പ്രവർത്തിക്കുന്നതിന് ജനപ്രതിനികൾ, വ്യാപാര - വ്യവസായ സംഘടന ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്ത് അനുയോജ്യമായ കെട്ടിടം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ഖജാൻജി എം.വി. കുഞ്ഞാമു, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ മുണ്ടോളി, സി.വി. ജോസി, എം.സി. ജോൺസൺ തുടങ്ങിയവർ സംബന്ധിച്ചു. അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ സ്വാഗതവും, സി സി മനോജ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us