'മാവോയിസ്റ്റുകളെ പൊലീസ് ചതിയിലൂടെ വെടിവെച്ച് കൊന്നു, പ്രതിഷേധിച്ചത് അതിനെതിരെ': ഗ്രോവാസു കോടതിയില്‍

2016ൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ച കേസിലാണ് വിചാരണ നടക്കുന്നത്

New Update
go vasu 11111.jpg

കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ വിചാരണയ്ക്കായി കോഴിക്കോട് കുന്നമംഗലം കോടതിയില്‍ ഹാജരാക്കി. മാവോയിസ്റ്റുകളെ ചതിയിലൂടെ പൊലീസ് വെടി വെച്ച് കൊന്നതാണെന്നും ഇതിന്‍റെ ഉത്തരവാദിത്തം പിണറായി വിജയൻ ഭരണകൂടത്തിനാണെന്നും അതിനെതിരെയാണ് പ്രതിഷേധിച്ചതെന്നും ഗ്രോവാസു കോടതിയെ അറിയിച്ചു.

ഇരുന്ന് സംസാരിച്ചോളു എന്ന് കോടതി പറഞ്ഞപ്പോള്‍ ഔദാര്യം വേണ്ടെന്നായിരുന്നു ഗ്രോ വാസുവിന്‍റെ മറുപടി. ഔദാര്യമല്ല, പ്രായമായവർക്ക് ഇരിപ്പിടം നൽകാറുണ്ടെന്ന് കോടതി മറുപടി നല്‍കി. വീഡിയോ കോൺഫറൻസ് വഴി വിചാരണയ്ക്ക് ഹാജരാകാമെന്ന കോടതിയുടെ നിർദേശവും ഗ്രോവാസു തള്ളി. നേരിട്ട് വരാമെന്ന് ഗ്രോ വാസു കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും.

2016ൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ഗതാഗത തടസമുണ്ടാക്കി പ്രതിഷേധിച്ച കേസിലാണ് വിചാരണ നടക്കുന്നത്. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാൽ ഒരു മാസത്തിലേറെയായി ഗ്രോവാസു ജയിലിൽ തുടരുകയാണ്.

Advertisment

കേസുമായി ബന്ധപ്പെട്ട് എല്‍ പി വാറണ്ട് നിലവിലുണ്ടായിരുന്നു. കേരളത്തിലെ ആദ്യകാല നക്‌സൽ പ്രവർത്തകരിൽ ഒരാളായ ഗ്രോ വാസുവിന് ഇപ്പോള്‍ 94 വയസ്സാണ്. തിരുനെല്ലി-തൃശ്ശിലേരി അടക്കമുള്ള നക്‌സലൈറ്റ് ആക്ഷനുകളില്‍ പങ്കാളിയായിരുന്നു ​ഗ്രോ വാസു. നക്‌സലൈറ്റ് നേതാവായിരുന്ന എ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയും കൂടിയാണ് ​ഗ്രോ വാസു.

go vasu
Advertisment