/sathyam/media/media_files/FnSVIyrOt2Xy5FAytU2m.jpg)
കോഴിക്കോട്: വെള്ളിപറമ്പ് സ്വദേശി സൈനബയുടെ കൊലപാതകത്തിൽ കൂട്ടുപ്രതി സുലൈമാൻ പിടിയിലായി. സേലത്ത് നിന്നാണ് സുലൈമാൻ പിടിയിലായത്. സൈബർ സെൽ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. സുലൈമാനുമായി അന്വേഷണസംഘം സേലത്ത് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു. അറസ്റ്റിലായ മുഖ്യപ്രതി സമദിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തിരുന്നു.
ഏഴാം തിയ്യതിയാണ് സൈനബയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കസബ പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സൈനബയെ ഫോണിൽ വിളിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സമദ് വെളിപ്പെടുത്തി.
സൈനബയുടെ കൈവശമുള്ള സ്വർണാഭരണത്തിനായാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമാക്കി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സമദും സുലൈമാനും കാറിൽ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവർ സമദിന്റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ശേഷം ഗൂഡല്ലൂരിൽ പോയെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.