നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

New Update
nipah clt.

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.

Advertisment

പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂനെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചത്.

അതേസമയം കോഴിക്കോട് നിപ കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘങ്ങള്‍ ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ഈ സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. 

അതേസമയം കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

Advertisment