/sathyam/media/media_files/wl6gJWAcrmfO6MdlOS2Q.jpg)
കോഴിക്കോട്: അഞ്ചു വർഷം മുൻപ് പടിയടച്ചെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയ നിപ്പ രോഗം വീണ്ടുമെത്തിയതോടെ ആശങ്കയിലാണ് കോഴിക്കോട്.
മുൻപത്തെ അനുഭവം ഉള്ളതിനാൽ രോഗം വ്യാപിക്കാതിരിക്കാൻ മതിയായ മുൻകരുതലും ജാഗ്രതയുമെടുത്തിട്ടുണ്ട് ആരോഗ്യ വകുപ്പ്. സമ്പർക്ക മേഖലകൾ അടച്ചിട്ട് രോഗത്തെ തുരത്താൻ തീവ്രശ്രമമാണ് നടത്തുന്നത്. കോവിഡിൽ നിന്ന് ഒരു തരത്തിൽ രക്ഷപെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് നിപ്പ വീണ്ടുമെത്തിയത്.
രോഗം ബാധിച്ചവർക്കൊപ്പം ചികിത്സിച്ചവരും മരണത്തിന് കീഴടങ്ങിയ 2018ലെ സാഹചര്യങ്ങളുമായി ഏറെ സാമ്യമുണ്ട് ഇത്തവണത്തെ നിപ്പ വ്യാപനത്തിന്. 18 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 16 പേരാണ് മരണപ്പെട്ടത്. 2018ൽ നിപ വ്യാപനം തുടങ്ങിയ ചങ്ങരോത്ത് പഞ്ചായത്തിന്റെ സമീപ പഞ്ചായത്താണ് രോഗ വ്യാപനം ഉണ്ടായ മരുതോങ്കര.
/sathyam/media/post_banners/CymCEuE6vQ6EJ6LCn8A9.jpg)
ഇരു സ്ഥലങ്ങളും തമ്മിൽ പത്ത് കിലോമീറ്റർ മാത്രമേ വ്യത്യാസമുള്ളൂ. നിപ്പ ആദ്യം ബാധിച്ചെന്ന് കരുതുന്നയാൾ മരണപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് രോഗ വ്യാപനം സ്ഥിരീകരിക്കുന്നത്. അതുപോലെ തന്നെയാണ് ഇത്തവണയും ആദ്യം രോഗം സ്ഥിരീകരിച്ചെന്ന് കരുതപ്പെടുന്നവരുടെ സംസ്കാരം പൂർത്തീകരിച്ചതിനാൽ സാമ്പിളെടുക്കാനോ രോഗം സ്ഥിരീകരിക്കാനോ സാധിച്ചിരുന്നില്ല.
നിപ്പ ആദ്യം ബാധിച്ചെന്ന് കരുതപ്പെടുന്ന, 2018 മേയ് അഞ്ചിന് മരിച്ച പേരാമ്പ്ര സ്വദേശി സാബിത്തിന്റെ സ്രവപരിശോധനയാണ് അന്ന് നടത്താതിരുന്നത്. ഇത്തവണ 30ന് മരണപ്പെട്ട മരോതോങ്കര സ്വദേശിയുടെ സ്രവ പരിശോധനയും നടത്തിയിട്ടില്ല.
പേരാമ്പ്രയിലെ ചങ്ങോരത്ത് പഞ്ചായത്തിൽ 2018 മേയ് 17ന് ഒരു കുടുംബത്തിലെ രണ്ടു പേർക്ക് ഒരേ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിൽ ഒരാൾ മരിച്ചെന്നു വാർത്ത പുറത്തുവന്നതോടെയാണ് നിപ്പ ബാധ സംശയക്കപ്പെടുന്നത്. മുഹമ്മദ് സാബിത്തിന്റെ മരണത്തെ തുടർന്നാണ് മൂത്ത സഹോദരൻ സാലിഹും പിതാവ് മൂസ്സയും രോഗം സ്ഥിരീകരിച്ച് മരിച്ചത്.
പിന്നാലെ മൂസ്സയുടെ സഹോദരി മറിയവും മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിയിലെ നഴ്‌സ് ലിനിയും നിപ ബാധിച്ച് മരിച്ചു. ബേബി മെമ്മേറിയൽ ആശുപത്രിയിൽ നിന്ന് അയച്ച സാമ്പിൾ പോസറ്റീവായതോടെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.
തുടർന്ന് കൂടുതൽ ആളുകളിലേക്ക് നിപ വൈറസ് വ്യാപനം ഉണ്ടായി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മറ്റ് അസുഖങ്ങൾക്കായി പ്രവേശിപ്പിച്ച കോഴിക്കോട്ടെയും മലപ്പുറത്തെയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിപ്പ സ്ഥിരീകരിച്ചു.
അന്ന് ആരോഗ്യ ഡയറക്ടറായിരുന്ന ആർ.എൽ.സരിത കോഴിക്കോട്ടെത്തി നിയന്ത്രണം ഏറ്റെടുത്തതോടെയാണ് അന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയുടെ മേൽനോട്ടവുമുണ്ടായി. ഡി.എം.ഒ ആയിരുന്ന ഡോ.വി. ജയശ്രീയുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു.
മെഡിക്കൽ കോളേജ് പൂർണമായും ഒഴിപ്പിക്കേണ്ടി വരുന്ന സാഹചര്യം പോലും മുന്നിൽ കണ്ടിരുന്നു. മലേഷ്യയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ലഭ്യമായ പ്രതിരോധ മരുന്നുകൾ എത്തിച്ചു. സമ്പർക്ക പട്ടികയിലുള്ളവരെ കൃത്യമായി നിരീക്ഷിച്ചാണ് പ്രതിരോധം സാദ്ധ്യമാക്കിയത്.
/sathyam/media/post_attachments/V5RWWLpZ4GJG4YiHgyxe.jpg)
കോഴിക്കോട് ഗസ്റ്റ് ഹൗസ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ക്യാമ്പ് ഓഫീസായി മാറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പ രഹിത ജില്ലകളായി ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ പ്രഖ്യാപിച്ചത് 2018 ജൂലായ് ഒന്നിനാണ്.
2021ൽ ജില്ലയിൽ വീണ്ടും നിപയുണ്ടായെങ്കിലും ഒരു മരണമാണ് ഉണ്ടായത്. അന്ന് നിപയുടെ വലിതതോതിലുള്ള വ്യാപനം തടയാൻ സാധിച്ചു. അന്ന് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മുന്നൂരിൽ 12 വയസുള്ള മുഹമ്മദ് ഹാഷിം നിപ്പ ബാധിച്ചു മരിച്ചു. 2021 സെപ്തംബർ അഞ്ചിനായിരുന്നു മരണം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഹാഷിമിന് മരണത്തിന് തലേ ദിവസം മാത്രമാണ് നിപ്പ സ്ഥിരീകരിച്ചിരുന്നത്.
വിപുലമായ സമ്പർക്ക പട്ടിക ഉണ്ടായിരുന്നെങ്കിലും രോഗം പടർന്നില്ല. ഇത്തവണ കോഴിക്കോട് ആയഞ്ചേരി സ്വദേശി, മരുതേങ്കര സ്വദേശി എന്നിവരുടെ മരണമാണ് നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.
11ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ മരിച്ച ആയഞ്ചേരി സ്വദേശിയായ 40 കാരന്റെ മരണത്തെ തുടർന്ന് പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സ്രവ പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ മരണപ്പെട്ട മരുതോങ്കര സ്വദേശിയുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിരുന്നെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
ആയഞ്ചേരി സ്വദേശിയ്ക്ക് ആറിനാണ് ഇയാൾക്ക് പനി ബാധിച്ചത്. വെള്ളിയാഴ്ച ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അടുത്ത ദിവസം വില്ല്യാപ്പള്ളി ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. തുടർന്ന് വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടി.
സ്ഥിതി വഷളായതോടെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടെ അശ്വിനി ലാബിൽ നിന്ന് രക്ത പരിശോധനയും നടത്തിയിരുന്നു. 30ന് മരണപ്പെട്ട 45കാരനായ മരുതോങ്കര സ്വദേശിയുടെ മരണ കാരണം നിപ്പയായിരുന്നെന്ന് ആദ്യം കണ്ടെത്തിരുന്നില്ല.
/sathyam/media/post_banners/lCzZ92JJKdTq4MS8YRBf.png)
അതിനാൽ സ്രവ പരിശോധന നടത്തിയിരുന്നില്ല. പക്ഷേ ഇയാളുടെ അടുത്ത ബന്ധുക്കൾക്ക് നിപ്പ ലക്ഷണങ്ങൾ കണ്ടതോടെയാണ് സംശയം ഉയർന്നത്. 22 മുതൽ ഇയാൾ ചികിത്സ തേടിയ കുറ്റ്യാടിയിലെ ആശുപത്രിയിൽ വെച്ചാണ് ആയഞ്ചേരി സ്വദേശിയുമായി സമ്പർക്കം ഉണ്ടായതായി കണ്ടെത്തിയത്.
ഇയാളുടെ ബന്ധുക്കളായ നാല് പേരാണ് നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഭാര്യ, ഒമ്പത് വയസുള്ള കുട്ടി , പത്ത് മാസം പ്രായമുള്ള കുട്ടി, 22 കാരനായ ബന്ധു എന്നിവരാണ് ചികിത്സയിലുള്ളത്. ഒമ്പത് വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്.
75 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും ആശുപത്രി ജീവനക്കാരുമടക്കമാണിത്. സമ്പർക്ക പട്ടികയിൽ ചികിത്സ ഏറ്റവും അത്യാവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us