/sathyam/media/media_files/AyHlzEoJtKN2ZaSSbMh0.jpg)
കോഴിക്കോട്: അകാലത്തില്‍ മരണം കൊണ്ടുപോയ ഭര്‍ത്താവിനെ കുറിച്ചോര്‍ത്തു വിതുമ്പുമ്പോഴും നഷ്ടപ്പെട്ടു എന്നു കരുതിയ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മാതാവ്.
നിപ്പയില്‍നിന്നു മുക്തനായെത്തിയ മകനെ വാരിപ്പുണരാന്‍ മനസ്സ് വെമ്പിയിരുന്നെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ മാറിനിന്നു കാണുകയായിരുന്നു അവര്‍.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയും മാതൃ സഹോദരനുമാണു നിപ്പ രോഗത്തിന്റെ ചരിത്രത്തില്‍ അദ്ഭുതം സൃഷ്ടിച്ച് രോഗമുക്തി നേടിയത്.
നിപ്പ ബാധിച്ച് ആദ്യം മരിച്ച കുറ്റ്യാടി മരുതോങ്കര സ്വദേശിയുടെ ഒന്‍പത് വയസ്സുകാരനായ മകനും 25 വയസ്സുകാരനായ ഭാര്യാസഹോദരനുമാണു രണ്ടാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവില്‍ രോഗമുക്തി ലഭിച്ചത്.
ബുധനാഴ്ച ലഭിച്ച പരിശോധന ഫലവും വ്യാഴാഴ്ച രാത്രിയോടെയെത്തിയ രണ്ടാം ഫലവും നെഗറ്റീവ് ആയതോടെയാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ഇവിടെ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ പേരും രോഗമുക്തി നേടി വീട്ടിലേക്കു മടങ്ങി. രോഗം മാറിയെങ്കിലും രണ്ടാഴ്ച കൂടി വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കണമെന്നാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദേശം
ഒരു കൂട്ടം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആശുപത്രി മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നിപ്പയില്‍ ആശ്വസിക്കാന്‍ വക ലഭിച്ചത്.
സെപ്റ്റംബര്‍ ഒന്‍പതിനാണു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരനെയും മാതൃസഹോദരനെയും മിംസിലേക്കു കൊണ്ടുവന്നത്. ഓഗസ്റ്റ് അവസാനം കുട്ടിയുടെ പിതാവ് സമാന സാഹചര്യത്തില്‍ ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു കുട്ടിക്കു ശ്വാസംമുട്ടല്‍ ഉണ്ടായത്. ഇതു ഗൗരവമുള്ള പകര്‍ച്ചവ്യാധിയാണോ എന്നായിരുന്നു സംശയം. ഇക്കാര്യം ഉടനെ മിംസിലെ ഡോക്ടര്‍മാരുമായി പങ്കുവച്ചു. ഈ ആശയവിനിമയമായിരുന്നു രോഗം പടരാതിരിക്കാനും പിഴവില്ലാത്ത ചികിത്സ നല്‍കാനും സഹായിച്ചത്.
ഇതോടെ രോഗികളെ എത്തിക്കുന്നതിന് മുന്‍പുതന്നെ സുസജ്ജമാകാന്‍ മിംസിനു കഴിഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടനെ പീഡിയാട്രിക് ഐസിയുവിലേക്കു മാറ്റി ചികിത്സ ആരംഭിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞ ദിവസങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു.
നാലാം ദിവസം വെന്റിലേറ്റര്‍ നീക്കി. ലോകത്ത് ആദ്യമായാണ് നിപ്പ ബാധിച്ച് വെന്റിലേറ്ററില്‍ ആയ ഒരു രോഗി ജീവിതത്തിലേക്കു തിരികെ എത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ വിടവ് നികത്താന്‍ കഴിയില്ലെങ്കിലും എട്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പൊന്നോമനയും പ്രിയ സഹോദരനും ജീവിതത്തിലേക്കു മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് മരുതോങ്കര സ്വദേശിയായ യുവതി.
ആസ്റ്റര്‍ മിംസ് ഡപ്യൂട്ടി സിഎംഎസ് ഡോ.നൗഫല്‍ ബഷീര്‍, മോളിക്യുലാര്‍ ലാബ് മേധാവി ഡോ.വിപിന്‍, ചീഫ് നഴ്‌സിങ് ഓഫിസര്‍ ഷീലാമ്മ ജോസഫ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സിങ് വിഭാഗം ഹെഡ് അന്നമ്മ, എമര്‍ജന്‍സി ടീമിനെ പ്രതിനിധീകരിച്ച് ഡോ. ജിജിന്‍ ജഹാന്‍ഗീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us