കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ സംഘം ഇന്ന് കോഴിക്കോടെത്തും. നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സാമ്പിളുകള്‍ ശേഖരിക്കും. അതേസമയം പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
ജില്ലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇന്നലെ പുതിയ കേസുകള്‍ ഉണ്ടായില്ലെന്നത് ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.
നിലവില്‍ 1233 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 27 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് വിശദമായ പഠനവും സാമ്പിള്‍ കലക്ഷനും നടത്തും.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്ന് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.