കോഴിക്കോട്: നിപ്പ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ നെഗറ്റീവ് ആണെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറച്ച് ഫലം കൂടി വരാനുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്.
ഇതിന് പൊലീസിന്റെ സഹായം കൂടി തേടും. മൊബൈല്‍ ടവര്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കുറച്ചുദിവസങ്ങള്‍ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
19 ടീമിന്റെ പ്രവര്‍ത്തനം നടക്കുന്നു. കേന്ദ്ര സംഘം ഇന്നും പരിശോധന തുടരും. ഐസിഎംആറിന്റെയും എന്‍ഐവിയുടെയും സംഘവും ഫീല്‍ഡ് സന്ദര്‍ശനം നടത്തും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നരുടെ ആരോഗ്യനില തൃപ്തികരമാണ്.
കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നിപ്പ രോഗം സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടില്‍ പന്നി ചത്ത സംഭവത്തില്‍ പരിശോധന നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നിപ്പ ബാധിച്ച് ഒരാള്‍ മരിച്ച കള്ളാട് നിന്നും 5 കിലോമീറ്റര്‍ അകലെയാണ് ജാനകിക്കാട്.