കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഭീതിക്കിടെ ആശ്വാസമേകി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 61 സാംപിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നിപ്പ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും ഇക്കൂട്ടത്തിലുണ്ട്.
ഏറ്റവും ഒടുവില്‍ നിപ്പ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ഫലവും നെഗറ്റീവാണെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്നലെ വൈകിട്ടു വരെ ലഭിച്ച 42 പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നു സ്ഥിരീകരിച്ചതിന്റെ ആശ്വാസത്തിനൊപ്പമാണ് 61 ഫലങ്ങള്‍ കൂടി നെഗറ്റീവായത്.
ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസ വാര്‍ത്തയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോടിനു പുറമേ മറ്റു ജില്ലകളില്‍നിന്നുള്ളവരുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവാണെന്നും മന്ത്രി വ്യക്തമാക്കി.
''കേന്ദ്രസംഘം ഇന്നും ഫീല്‍ഡിലുണ്ട്. ഇന്ന് കേന്ദ്രസംഘവുമായി വളരെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ അഭിനന്ദിച്ചു. കേന്ദ്രസംഘത്തിന്റെ ഒരു ടീം ഇന്ന് മടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ആശുപത്രിയിലും ഫീല്‍ഡിലും ഉള്‍പ്പെടെ നാം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവര്‍ നേരിട്ടെത്തി കണ്ടു മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നമ്മള്‍ നടത്തുന്നതെന്നാണ് ഏറ്റവും ഒടുവില്‍ നടത്തിയ യോഗത്തിലും അവര്‍ പറഞ്ഞത്'' മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചു.
അതിനിടെ, കണ്ടയ്ന്‍മെന്റ് സോണിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ഉന്നത പൊലീസ് മേധാവികള്‍ എന്നിവരുടെ യോഗം രാവിലെ 11ന് ചേരും.
നിപ്പ ബാധിതനായ ഒന്‍പതു വയസ്സുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരുന്നു. നിപ്പ ലക്ഷണങ്ങളുമായി തിരുവനന്തപുരത്തു പ്രത്യേക നിരീക്ഷണത്തിലായിരുന്ന 2 പേരുടെയും ഫലം നെഗറ്റീവാണ്.
ഇന്നലെ പുതുതായി 44 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ നിലവില്‍ പട്ടികയിലുള്ളത് 1,233 പേരാണ്. ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ 352 പേരുണ്ട്. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യരോഗിയില്‍നിന്നാണു മറ്റെല്ലാവര്‍ക്കും രോഗം പകര്‍ന്നത്. വൈറസിന്റെ ജീനോമിക് സീക്വന്‍സിങ് നടത്തി ഇത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.