മുസ്‌ലിംകള്‍ ബിജെപിക്കൊപ്പമാണെന്ന് ഒരു മുസ്‌ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോ? എന്തു പറഞ്ഞാലും മുത്തലാഖ് എന്നു പറഞ്ഞുനടക്കുന്ന ബിജെപിയെ പരിഹസിക്കുകയാണ് താന്‍ ചെയ്തതെന്ന് അബ്ദുല്‍ വഹാബ് എംപി

New Update
abdul vahab.jpg

ഡല്‍ഹി: രാജ്യസഭയിലെ പ്രസംഗത്തില്‍ മുത്തലാഖ് വിഷയത്തില്‍ ബിജെപിയെ പുകഴ്ത്തി സംസാരിച്ചെന്ന തരത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുസ്‌ലിം ലീഗ് എംപി അബ്ദുല്‍ വഹാബ് രംഗത്ത്. എന്തു പറഞ്ഞാലും മുത്തലാഖ് എന്നു പറഞ്ഞുനടക്കുന്ന ബിജെപിയെ പരിഹസിക്കുകയാണ് താന്‍ ചെയ്തതെന്നും, അതിനെ മറിച്ചു വ്യാഖ്യാനിക്കുന്നവര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടാകാമെന്നും അബ്ദുല്‍ വഹാബ് പ്രതികരിച്ചു. 

Advertisment

മുസ്‌ലിംകള്‍ ബിജെപിക്കൊപ്പമാണെന്ന് ഒരു മുസ്‌ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോയെന്നും വഹാബ് ചോദിച്ചു. രാജ്യസഭയിലെ പ്രസംഗം കുറിക്കു കൊള്ളുന്നതായിരുന്നുവെന്ന് പ്രതിപക്ഷ നിരയിലെ എംപിമാര്‍ തന്നെ അഭിനന്ദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

'ഒരു മുത്തലാഖോടു കൂടി മുസ്‌ലിം സ്ത്രീകളെല്ലാം ബിജെപിയില്‍ പോയി, അല്ലെങ്കില്‍ ബിജെപിക്കൊപ്പമായി എന്നാണല്ലോ അവകാശവാദം. അങ്ങനെയുള്ള മുസ്ലിംകള്‍ക്കെങ്കിലും ഇതെല്ലാം ഉപകാരപ്പെടേണ്ടേ?

എല്ലാ മുസ്‌ലിം സ്ത്രീകളും ബിജെപിയില്‍ പോയി എന്ന് ഒരു മുസ്ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോ? ഈ ബില്‍ ഇപ്പോള്‍ ഈ രൂപത്തില്‍ കൊണ്ടുവന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. അതുകൊണ്ടൊന്നും ബിജെപി അടുത്ത തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. 'ഇന്ത്യ' വരും, ഈ പറഞ്ഞ സംഗതികളൊക്കെ മാറ്റും.'

'ഞാന്‍ ബിജെപിക്ക് അനുകൂലമായി സംസാരിച്ചു എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് വേറെ താല്‍പര്യമുണ്ടാകും. ബിജെപിയെ ഞാന്‍ പരിഹസിക്കുകയായിരുന്നുവെന്ന് ആ പ്രസംഗം കേട്ടവര്‍ക്ക് അറിയാം. എന്റെ പരാമര്‍ശത്തിന് കയ്യടി വന്നത് പ്രതിപക്ഷ നിരയില്‍ നിന്നാണ്. അല്ലാതെ ഭരണപക്ഷത്തു നിന്നല്ല.

പ്രസംഗം കഴിഞ്ഞപ്പോള്‍ കുറിക്കു കൊള്ളുന്നതെന്നു പറഞ്ഞ് പ്രതിപക്ഷ എംപിമാര്‍ പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു. ബിജെപിക്കിട്ട് 'കുത്തി'യെന്ന തരത്തില്‍ അവരുടെ ഒരു എംപിയും പറഞ്ഞു. അതുകൊണ്ട് ഞാന്‍ പറഞ്ഞതെന്താണെന്ന് വ്യക്തമാണ്. അതിനെ മാറ്റിപ്പറയുന്നവരുടെ മനസ്സിലിരിപ്പ് നമുക്കു മനസ്സിലാകുമല്ലോ.

നോക്കൂ, ഈ ബിജെപിക്കാര്‍ എന്തു പറഞ്ഞാലും ഒടുവില്‍ അത് മുത്തലാഖിലെത്തും. മുത്തലാഖ് എന്തോ ഒരു മാഗ്നാ കാര്‍ട്ട പോലെയാണ്, മുത്തലാഖോടു കൂടി മുസ്‌ലിം സ്ത്രീകള്‍ വിമോചിതരായി എന്നെക്കെയാണ് എല്ലാ ബിജെപിക്കാരും പ്രസംഗത്തിലൊക്കെ പറയുന്നത്.

അങ്ങനെയെങ്കില്‍ ഈ മുസ്‌ലിംകള്‍ക്ക് ഒബിസിയില്‍ സംവരണം കൊടുത്തുകൂടേ എന്നാണ് ഞാന്‍ ചോദിച്ചത്. മുസ്‌ലിംകള്‍ നിങ്ങള്‍ക്കൊപ്പമല്ലേ, അങ്ങനെയെങ്കില്‍ അവര്‍ക്ക് ഈ സംവരണം കൊടുത്തുകൂടേ എന്നാണു ഞാന്‍ ചോദിച്ചതെന്ന് വ്യക്തമാണ്. വളച്ചൊടിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ.'

'മുസ്‌ലിംകള്‍ക്കിടയില്‍ ട്രിപ്പിള്‍ തലാഖ് എന്നൊരു സംഗതി സജീവമല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ത്തന്നെ അത് ഉപയോഗിക്കുന്നത് .001 ശതമാനം ആളുകളാകും. അതിനായി ഒരു നിയമം ഉണ്ടാക്കി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതു പറഞ്ഞ് വോട്ടു പിടിക്കുകയാണ്.'  അബ്ദുല്‍ വഹാബ് ആരോപിച്ചു. 

Advertisment