മഞ്ചേരി: ജയിലില്‍ ഒപ്പംകഴിഞ്ഞിരുന്ന തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പതിനഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (47) മഞ്ചേരി രണ്ടാം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 സെപ്റ്റംബര്‍ പതിനാലിനാണ് കേസിനാസ്പദമായ സംഭവം.
സഹോദരന്‍റെ ഒൻപതുവസ്സുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലിൽ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുഹമ്മദ് പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് ജയിലിലായപ്പോൾ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയിൽ വാടക വീട് എടുത്തുനൽകിയിരുന്നു.
അതിനുശേഷം ഇവിടെയെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് കാസർകോടുനിന്നാണ് പ്രതിയെ പിടികൂടിയത്. 2018 ഓഗസ്റ്റ് 13ന് ആനക്കയം പാലത്തിൽനിന്നാണ് മുഹമ്മദ് സഹോദരന്‍റെ പുത്രൻ മുഹമ്മദ് ഷഹീനെ പുഴയിലേക്ക് എറിഞ്ഞുകൊന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനുള്ള ശ്രമം പാളിയതോടെയാണ് പാലത്തിൽനിന്ന് പുഴയിലേക്ക് എറിഞ്ഞത്.