മലപ്പുറം: പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ സമസ്തയുടെ പോഷക സംഘടനയിലെ നേതാക്കള്‍ അയച്ച കത്തിനെ വിമര്‍ശിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ കെ.ടി.ജലീല്‍ എംഎല്‍എ. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല എന്നാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ സങ്കല്‍പങ്ങളാണ്. ജന്‍മിത്തം നാടുനീങ്ങിയിട്ട് കാലം എത്ര പിന്നിട്ടു. സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണെന്നും ജലീല്‍ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ പരോക്ഷമായി പ്രസ്താവന നടത്തിയെന്ന് ആരോപണം വിവാദമായ സാഹചര്യത്തിലാണ് സാദിഖലി തങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്.
സമസ്തയിലെ ഉത്തരവാദപ്പെട്ട നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിട്ടും അവരാരും ഇത്തരത്തില്‍ പരാതി ഉന്നയിച്ചിട്ടില്ല.
അതിനാല്‍ തലയിരിക്കുമ്പോള്‍ വാലാടേണ്ടെന്നും കത്തയച്ച നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ആരോപണത്തിലേതു പോലെ സമസ്ത പ്രസിഡന്റിനെ ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ.സലാം തന്നെ വ്യക്തമാക്കിയതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.