മലപ്പുറം: സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണെന്ന മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെടി ജലീല്‍ എംഎല്‍എ.
തലയും ഉടലും ഒന്നായ, രാഷ്ട്രീയമില്ലാത്ത സംഘടനയാണ് സമസ്ത. ഭരിക്കുന്നവരുമായി അവര്‍ കാര്യങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും, അതില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ജലീല്‍ പറഞ്ഞു.
'തലയിരിക്കുമ്പോള്‍ വാലാടേണ്ടതില്ലായെന്ന തങ്ങളുടെ പരാമര്‍ശം എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. പലര്‍ക്കും പല രൂപത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റും. സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ മുസ്ലിം ലിഗ് പ്രതികരിച്ചോളാം, വാലായ സമസ്ത പ്രതികരിക്കേണ്ടതില്ലായെന്ന് വ്യഖ്യാനിക്കാം.
തലയും ഉടലും ഒന്നായിട്ടുള്ള, കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. സമസ്തയോട് ലീഗ് നേതൃത്വം സമീപകാലത്ത് സ്വീകരിക്കുന്ന നിലപാട് അത്ര ഭൂഷണമല്ല. കുറച്ചുകൂടി മാന്യമായ നിലപാട് സ്വീകരിക്കണം.
ലീഗ് നേതൃത്വം ബഹുമാനം കൊടുത്ത് സമസ്തയില്‍ നിന്നും ആദരവ് തിരിച്ചു വാങ്ങണം. ഒരു ജന്മിത്വ ഭാവത്തില്‍ കുടിയാന്റെ സ്ഥാനത്ത് സമസ്തയെ കണ്ട് ലീഗ് നിലപാട് സ്വീകരിച്ചാല്‍ അതിന്റെ നഷ്ടം ലീഗിന് തന്നെയാവും.' കെ ടി ജലീല്‍ പറഞ്ഞു.
സമസ്ത-മുസ്ലിം ലീഗ് തര്‍ക്കം രൂക്ഷമായ ഘട്ടത്തിലാണ് ലീഗിനെതിരെ കെ ടി ജലീലിന്റെ വിമര്‍ശനം. ഉടലും ഹൃദയവും ഇല്ലാതെ സമസ്തയുടെ മസ്തിഷ്‌കം മാത്രം മതിയോ ലീഗിനെന്നും ജലീല്‍ ചോദിച്ചു.